മുൻ എസ്ഡിപിഐ നേതാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി
Mail This Article
പത്തനംതിട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മുൻ എസ്ഡിപിഐ നേതാവിനെ തിരഞ്ഞെടുത്തു. മേൽകമ്മിറ്റി പ്രതിനിധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ഇറങ്ങിപ്പോയി. സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിലാണു കഴിഞ്ഞ ദിവസം പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായിരുന്ന വ്യക്തിയെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്നാൽ ഇയാൾ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണെന്നാണ് എതിർവാദം. പാർട്ടിയിലെ അംഗത്വം, ഭാരവാഹിത്വം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.
പല പ്രവർത്തകരും തീരുമാനത്തിൽ അമർഷത്തിലാണെന്നാണു സൂചന. തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് അംഗവും പോഷകസംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവുമായ വ്യക്തി ഉൾപ്പെടെ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണു ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം കുറവായിരുന്നെന്ന വിഷയം അവലോകന യോഗത്തിൽ പാർട്ടി പരിശോധിക്കുമെന്നാണു സൂചന.