എം പോക്സ് രോഗലക്ഷണം: പരിശോധനാ ഫലം ഇന്നു കിട്ടിയേക്കും
Mail This Article
ആലപ്പുഴ ∙ എം പോക്സ് രോഗ ലക്ഷണത്തോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിയുടെ സ്രവ സാംപിൾ പരിശോധനാ ഫലം ഇന്നു കിട്ടിയേക്കും. സ്രവം ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബാംഗങ്ങളോടു വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ വളരെ കുറച്ച് ആളുകൾ മാത്രമാണുള്ളത്.
തൃക്കുന്നപ്പുഴ പഞ്ചായത്തുകാരനായ പ്രവാസി രണ്ട് ആഴ്ച മുൻപാണു നാട്ടിലെത്തിയത്. പനിയും രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശരീരം കുമിളകൾ പോലെ തടിക്കുന്നതു കണ്ടതോടെ ആശുപത്രിയിൽനിന്ന് ആരോഗ്യ വകുപ്പിൽ അറിയിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി പിപിഇ കിറ്റ് ധരിപ്പിച്ചു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു.