ADVERTISEMENT

കോഴിക്കോട് / തിരുവനന്തപുരം ∙ എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കു വഴങ്ങാതെ മന്ത്രി എ.കെ.ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. മന്ത്രിമാറ്റം ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ പി.സി.ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റിയിലെ ശശീന്ദ്രൻ പക്ഷക്കാരായ നേതാക്കൾ ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളത്ത് മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്താൻ എൻസിപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പി.സി.ചാക്കോയ്ക്കൊപ്പം മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും കൂടി മുഖ്യമന്ത്രിയെ കാണാനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ശശീന്ദ്രൻ ഒഴിഞ്ഞു.

ഇതിനിടെയാണ് മന്ത്രിമാറ്റത്തിനെതിരെ ദേശീയ വർക്കിങ് കമ്മിറ്റി അംഗം വർക്കല ബി.രവികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ, ട്രഷറർ പി.ജെ.കുഞ്ഞുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കത്തയച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ 7 പേരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. അതിനിടെ, മന്ത്രിസ്ഥാനം ഒഴിയില്ലെന്നു മന്ത്രി ശശീന്ദ്രൻ നിലമ്പൂരിൽ വ്യക്തമാക്കി. സ്ഥാനത്തു തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് താനല്ല, ചുമതലയേൽപിച്ചവരാണ്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

NCP leaders in favor of A.K.Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com