മുകേഷിനും ബി.ഉണ്ണികൃഷ്ണനും പകരം ആളില്ല; സിനിമ കോൺക്ലേവ് വൈകും
Mail This Article
തിരുവനന്തപുരം∙ സിനിമാനയം രൂപീകരിക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് വൈകും. ഡിസംബറിലോ ജനുവരി ആദ്യവാരമോ സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. സിനിമാനയം രൂപീകരിക്കുന്നതിന് മുന്നോടിയായി കോൺക്ലേവ് നവംബറിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
കരട് രൂപീകരണ സമിതിയിൽ നിന്ന് ഒഴിവായ എം.മുകേഷ് എംഎൽഎയ്ക്കും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും പകരം ആളെ നിയോഗിക്കില്ല. ബാക്കി അംഗങ്ങളുമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും. എം.ടി.വാസുദേവൻ നായർ, മധു, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെ കോൺക്ലേവ് സംബന്ധിച്ച ആലോചനകൾക്കായി നേരിൽ കാണും. ഡബ്ല്യുസിസി അംഗങ്ങളുമായും സംവദിക്കുമെന്നും അവരുടെ അഭിപ്രായങ്ങൾ നയത്തിൽ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ ഉൾപ്പെടെ എല്ലാ മേഖലയിലെയും സംഘടനകളിൽ നിന്ന് വിവരം ശേഖരിക്കും. സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്നും ഷാജി എൻ.കരുൺ അറിയിച്ചു. ചലച്ചിത്ര മേഖലയിലെ ഏതാനും സംഘടനകളുമായി ഇന്നലെ അനൗപചാരിക ചർച്ചകളും നടന്നു.