ലൈംഗികാതിക്രമ പരാതികൾ വൈകുന്നത് സ്വാഭാവികമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവർ നേരിടുന്ന വൈകാരികവും സാമൂഹികമായ ബുദ്ധിമുട്ടുകൾ പരാതി വൈകുന്നതിനു കാരണമാകുന്നുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ അവർ അനുഭവിക്കുന്ന മാനസികവ്യഥയുടെ പശ്ചാത്തലത്തിലാണു പരിഗണിക്കേണ്ടതെന്നു കോടതി പറഞ്ഞു.
നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇക്കാര്യം പറഞ്ഞത്. പരാതി നൽകാൻ വൈകിയെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ ഹർജി. വെട്ടിത്തുറന്നു പറയുന്ന പരാതിക്കാരി ആർക്കെതിരെയും അപവാദം പറയുമെന്നത് ഉൾപ്പെടെയുള്ള സിദ്ദിഖിന്റെ വാദത്തെയും കോടതി തള്ളി.
ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീയുടെ അനുഭവം അവരുടെ സ്വഭാവത്തിന്റെ പ്രതിഫലനമല്ലെന്നു കോടതി പറഞ്ഞു. അവർ നേരിട്ട വേദനയാണത്. തുറന്നുപറയുന്ന സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത് അവരെ നിശബ്ദയാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാകാം. എന്നാൽ, ഇതു നിയമവാഴ്ചയ്ക്ക് എതിരാണ്. ഉന്നതയായാലും താഴേത്തട്ടിലായാലും ഏത് ജാതിയിലാണെങ്കിലും സ്ത്രീ ആദരം അർഹിക്കുന്നു എന്ന ബിൽക്കീസ് യാക്കൂബ് റസൂൽ കേസിലെ സുപ്രീംകോടതി നിരീക്ഷണവും ഉത്തരവിൽ ഹൈക്കോടതി ഉദ്ധരിച്ചു.
ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ കൊടുംവൈരത്തോടെ അധിക്ഷേപിക്കാനാണു ഹർജിക്കാരന്റെ ശ്രമമെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഹർജിക്കാരനെതിരെ ഒട്ടേറെ തെളിവുകളുണ്ട്. ബലാൽസംഗം ചെയ്ത ഹോട്ടൽമുറിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്നതിനു സാക്ഷികളും തെളിവുകളുമുണ്ട്.
ബലാൽസംഗത്തിനു തെളിവുകളുണ്ടെന്നും ഫെയ്സ്ബുക് പോസ്റ്റിൽ സംഭവത്തെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഉന്നത സ്വാധീനമുള്ള വ്യക്തിയും അധികാരകേന്ദ്രങ്ങളുമായി അടുപ്പവുമുള്ളതിനാൽ പരാതി നൽകാൻ ഭയമായിരുന്നു. തന്റെ കരിയർ നശിപ്പിക്കുമെന്നും ജീവൻ അപകടത്തിലാക്കുമെന്നും ഭയപ്പെട്ടിരുന്നെന്നും നടി വ്യക്തമാക്കി.