ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പലപ്പോഴായി ഏകദേശം 705 കിലോ സ്വർണം കടത്താൻ കൂട്ടുനിന്ന കേസിൽപ്പെട്ട കസ്റ്റംസ് ഇന്റലിജൻസ് സെക്‌ഷൻ സൂപ്രണ്ട് തിരുവനന്തപുരം സ്വദേശി ബി. രാധാകൃഷ്ണനെ സർവീസിൽ നിന്നു പുറത്താക്കിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചു. പുറത്താക്കിയതിനെതിരെ രാധാകൃഷ്ണൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസ്, അഡ്മിനിസ്ട്രേറ്റീവ് അംഗം വി. രമ മാത്യു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗുകൾ പരിശോധിക്കുന്ന മെഷീൻ യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്ന 2018 ഒക്ടോബർ 19 മുതൽ 2019 മേയ് 11 വരെ സ്വർണക്കടത്തിനു കൂട്ടു നിന്നുവെന്നാണ് ആക്ഷേപം. അപ്പീൽ അധികാരിയായ കസ്റ്റംസ് കമ്മിഷണറും പുറത്താക്കൽ നടപടി ശരിവച്ചതിനെ തുടർന്നാണു ട്രൈബ്യൂണലിനെ സമീപിച്ചത്.

തന്റെ വിശദീകരണം കേട്ടില്ല എന്നതുൾപ്പെടെ വാദങ്ങൾ ഹർജിക്കാരൻ ഉന്നയിച്ചു. കസ്റ്റംസ് ആക്ട് വകുപ്പ് 108 പ്രകാരമുള്ള ഏതാനും പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടിയെടുത്തതെന്നും വാദിച്ചു. എന്നാൽ, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണു വകുപ്പുതല അച്ചടക്ക അധികാരികൾ നടപടിയെടുത്തതെന്നു ട്രൈബ്യൂണൽ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും വാട്സാപ് സന്ദേശങ്ങളും ഉൾപ്പെടെ കസ്റ്റംസ് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരനായിരുന്ന വിഷ്ണു സോമസുന്ദരൻ ഉൾപ്പെടെയുള്ളവരുമായി രാധാകൃഷ്ണൻ നടത്തിയ ഫോൺ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും ഉൾപ്പെടെയാണിത്.

English Summary:

Gold smuggling; Central Administrative Tribunal upheld dismissal of customs official B Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com