‘ലൈഫ്’ ഗുണഭോക്താവിന്റെ ആത്മഹത്യ: ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് പൊലീസ്
Mail This Article
ചേർത്തല(ആലപ്പുഴ) ∙ ലൈഫ് പദ്ധതിയിൽ വീടു നിർമിക്കാൻ അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗൃഹനാഥനോട് പഞ്ചായത്ത് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിരുന്നെന്നു പൊലീസ്. പട്ടണക്കാട് പഞ്ചായത്ത് ഓഫിസിലെ രണ്ടു വിഇഒമാരെ ഇന്നലെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.
മേനാശേരി ചൂപ്രത്ത് സിദ്ധാർഥനാണ്(74) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഓണത്തിനു തൊട്ടുമുൻപു പഞ്ചായത്ത് ഓഫിസിലെത്തിയ തന്നോടും ഭർത്താവിനോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതാണു ആത്മഹത്യയ്ക്കു കാരണമെന്നു സിദ്ധാർഥന്റെ ഭാര്യ ജഗദമ്മ പട്ടണക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനോവേദനയുണ്ടാക്കിയതായി പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു.
തുടർന്നാണ് ആരോപണവിധേയരായ വിഇഒമാരെ പൊലീസ് വിളിപ്പിച്ചത്. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി വിവരങ്ങൾ ചോദിച്ചു. പഞ്ചായത്തുമായി കരാർ വയ്ക്കുകയും നിർമാണം തുടങ്ങാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടും അനുമതി നൽകാഞ്ഞത് എന്തുകൊണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീടു നിർമാണം വൈകിക്കുന്ന നടപടികളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണു വിവരം. രേഖകൾ പൊലീസ് വിശദമായി പരിശോധിക്കും. മോശം പെരുമാറ്റത്തിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകുമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. ഇന്നലെ വൈകിട്ടു വരെ പൊലീസ് ഇരുവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരിയിൽനിന്നും അയൽക്കാരിൽനിന്നും മൊഴിയെടുത്തു. രേഖകളും മൊഴികളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നു പട്ടണക്കാട് സ്റ്റേഷൻ ഓഫിസർ കെ.എസ്.ജയൻ പറഞ്ഞു.