നടി കേസ്: ദിലീപ് അടക്കമുള്ള പ്രതികൾ നേരിട്ടു ഹാജരായി
Mail This Article
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായി ഇന്നലെ കോടതി പ്രതികളെ നേരിട്ടു ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നതിനാൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ടു ഹാജരായി.
ഇതുവരെ ജയിലിൽനിന്നു പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്ന ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി–35) ജാമ്യം ലഭിച്ചതിനാൽ സ്വന്തം വീട്ടിൽനിന്നാണു കോടതിയിൽ ഹാജരായത്. അഞ്ചാം പ്രതി സലിം, ഏഴാം പ്രതി ചാർലി എന്നിവർ ഇന്നലെ ഹാജരായില്ല.
വിചാരണ തുടങ്ങിയ ശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്ത ആലുവ സ്വദേശി ജി.ശരത്തിന്റെ അവകാശം സംബന്ധിച്ചു പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച നിയമപ്രശ്നത്തിൽ വ്യക്തത വരുത്താനായി പ്രതികളെ ചോദ്യം ചെയ്യുന്ന നടപടി കോടതി ഇന്നത്തേക്കു മാറ്റി.
നടൻ ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജി. ശരത്ത് കേസിലെ 15–ാം പ്രതിയാണ്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലിരിക്കെ അതിന്റെ പകർപ്പ് ശരത്തിന്റെ പക്കലെത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ പകർപ്പു ശരത്തിന്റെ പക്കൽ നിന്നു പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തെളിവ് ഒളിപ്പിച്ച കുറ്റമാണു ശരത്തിനെതിരെ ചുമത്തിയത്.
കേസിൽ 207 പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷമാണു ശരത്തിനെ പ്രതിചേർത്തത്. ഈ 207 സാക്ഷികളെയും ക്രോസ് വിസ്താരം നടത്താനുള്ള നിയമപരമായ അവകാശം ശരത്തിനുണ്ട്.