ആറുമാസത്തേക്ക് 2420 മെഗാവാട്ട് വാങ്ങാം; കെഎസ്ഇബി കരാറിന് അംഗീകാരം
Mail This Article
തിരുവനന്തപുരം ∙ അടുത്ത മാസം മുതൽ 2025 ഏപ്രിൽ വരെ 2420 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയും പിന്നീട് ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. ജൂലൈ 22 മുതൽ 31 വരെ പീക്ക് സമയത്തു യൂണിറ്റിന് 9.51 രൂപ നിരക്കിൽ 50 മെഗാവാട്ട് വാങ്ങിയ നടപടി ക്രമീകരിക്കും. ആവശ്യകത മുൻകൂട്ടിക്കണ്ട് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളിൽ ഏർപ്പെടാനോ പകരം ഊർജ സംവിധാനങ്ങൾ കണ്ടെത്താനോ കഴിഞ്ഞില്ലെങ്കിൽ 2025–26 മുതൽ ബോർഡിനു പിഴ ചുമത്തുമെന്ന് കമ്മിഷൻ താക്കീത് നൽകി. ഏപ്രിലിൽ വൈദ്യുതി ലഭ്യതയിൽ 24.8% വരെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി കമ്മിഷനെ അറിയിച്ചു. പ്രതിദിനം 2.774 കോടി യൂണിറ്റിന്റെ കുറവാണു കണക്കാക്കുന്നത്. മാർച്ചിൽ 24.9% ലഭ്യത കുറയും. പ്രതിദിനം 2.578 കോടി കുറവ്. ഫെബ്രുവരിയിൽ 2.144 കോടി, ജനുവരിയിൽ 1.878 കോടി, മേയിൽ 1.754 കോടി യൂണിറ്റുകൾ എന്നിങ്ങനെ പ്രതിദിനം അധികം വൈദ്യുതി കണ്ടെത്തേണ്ടി വരും. വരുന്ന മാസങ്ങളിൽ പീക്ക് സമയത്ത് പ്രതിദിനം 500– 1200 മെഗാവാട്ട് വൈദ്യുതി ക്ഷാമമുണ്ടാകും.
വൈദ്യുതി ലഭ്യതയും യൂണിറ്റിന്റെ വിലയും
∙ 2024 ഒക്ടോബറിൽ യൂണിറ്റിന് 6.09 – 6.10 രൂപ നിരക്കിൽ 4 സ്ഥാപനങ്ങളിൽനിന്ന് 325 മെഗാവാട്ട്
∙ നവംബറിൽ 5 സ്ഥാപനങ്ങളിൽനിന്ന് 5.45– 5.69 രൂപ നിരക്കിൽ 400 മെഗാവാട്ട് .
∙ ഡിസംബറിൽ 5.45–5.69 രൂപ നിരക്കിൽ 5 കമ്പനികളിൽനിന്ന് 400 മെഗാവാട്ട് .
∙ 2025 ജനുവരിയിൽ 4 സ്ഥാപനങ്ങളിൽനിന്ന് 5.69 – 5.72 രൂപ നിരക്കിൽ 400 മെഗാവാട്ട് .
∙ ഫെബ്രുവരിയിൽ 3 സ്ഥാപനങ്ങളിൽനിന്ന് 5.87–5.88 രൂപ നിരക്കിൽ 200 മെഗാവാട്ട് .
∙ ഏപ്രിലിൽ 4 കമ്പനികളിൽ നിന്നായി 6.24– 7.23 രൂപ നിരക്കിൽ 695 മെഗാവാട്ട്.
നിലവിലെ നിരക്ക് അടുത്ത മാസവും
തിരുവനന്തപുരം∙ നിലവിലെ വൈദ്യുതി നിരക്കുകൾ ഒക്ടോബറിലേക്കു കൂടി നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. ഒക്ടോബർ 31 വരെയോ പരിഷ്കരിച്ച നിരക്കിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി വരെയോ ഇതു തുടരും. 2023 നവംബർ 1നു പ്രാബല്യത്തിൽ വന്ന നിരക്കുകൾക്കു ജൂൺ 30 വരെയായിരുന്നു കാലാവധി. എന്നാൽ നിരക്ക് പരിഷ്കരണം സംബന്ധിച്ച കെഎസ്ഇബി അപേക്ഷ വൈകിയ സാഹചര്യത്തിൽ നിരക്കിന് ഈ മാസം 30 വരെ കാലാവധി ആദ്യം നീട്ടി നൽകിയിരുന്നു. അപേക്ഷ കെഎസ്ഇബി ഓഗസ്റ്റിൽ സമർപ്പിച്ചു. ഇതിൽ കമ്മിഷൻ ജനങ്ങളുടെ അഭിപ്രായശേഖരണം നടത്തിയത് ഈ മാസം തുടക്കത്തിലാണ്. ഇതെല്ലാം പരിഗണിച്ച് 2024–27 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണമാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുക.