ക്ഷീരസംഘത്തിലെ പരാതി അന്വേഷിക്കാൻ സർക്കാർ രണ്ടു വട്ടം ചുമതലപ്പെടുത്തിയത് മരിച്ച ഉദ്യോഗസ്ഥയെ
Mail This Article
കൊച്ചി∙ ക്ഷീര സംഘത്തിലെ അഴിമതി സംബന്ധിച്ചു മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അന്വേഷണച്ചുമതല പരേതയ്ക്ക്! മരിച്ചു പോയ ഉദ്യോഗസ്ഥയെ ക്ഷീര വകുപ്പ് അന്വേഷണത്തിനു ‘ചുമതലപ്പെടുത്തിയത്’ അഞ്ചു മാസത്തിനിടെ രണ്ടു തവണ. കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘം മുൻ പ്രസിഡന്റ് നൽകിയ പരാതിയുടെ അന്വേഷണത്തിനാണു രണ്ടു വർഷം മുൻപു മരിച്ച ഉദ്യോഗസ്ഥയെ നിയോഗിച്ചത്.
പിഴവു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നൽകി ഒരു മാസത്തിനു ശേഷം അന്വേഷണച്ചുമതല വീണ്ടും ലഭിച്ചതാകട്ടെ, പരേതയായ അതേ ഉദ്യോഗസ്ഥയ്ക്ക്! 2014 മുതൽ 2023 വരെ സംഘത്തിന്റെ പ്രസിഡന്റായിരുന്ന എൻ.വി. എൽദോയ്ക്കാണ് ഇൗ അനുഭവം
വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കള്ളക്കേസെടുത്തെന്നും സംഘത്തിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു നീക്കിയെന്നും ആരോപിച്ചു മേയ് 13നാണു എൽദോ പരാതി നൽകിയത്. കൊമ്പനാട് സംഘത്തിലെ അഴിമതിയിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർനടപടിക്കായി ക്ഷീര ഡയറക്ടർക്കു കൈമാറിയ ഈ പരാതിയുടെ ചാർജ് ഓഫിസർ ജോയിന്റ് ഡയറക്ടർ പി.എ. ബീനയാണെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 22ന് എൽദോയ്ക്കു മറുപടി എസ്എംഎസ് ലഭിച്ചു.
അന്വേഷണ പുരോഗതി അറിയാൻ ഈ ഉദ്യോഗസ്ഥയുടെ നമ്പറിൽ പലതവണ വിളിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ, ക്ഷീരവികസന ഡയറക്ടറേറ്റിൽ വിളിച്ചപ്പോഴാണു 2022 ഡിസംബറിൽ മരിച്ചുപോയ ഉദ്യോഗസ്ഥയാണു ബീനയെന്നു മനസ്സിലായത്.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചപ്പോൾ ബീനയ്ക്കു പകരം ക്വാളിറ്റി കൺട്രോൾ ഓഫിസറെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയതായി മറുപടി ലഭിച്ചു. എന്നാൽ, അന്വേഷണം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകിയത് താൻ ആരോപണം ഉന്നയിച്ച ഡപ്യൂട്ടി ഡയറക്ടറായിരുന്നുവെന്ന് എൽദോ ആരോപിക്കുന്നു.
ഇതോടെ, ഓഗസ്റ്റ് 28നു മുഖ്യമന്ത്രിക്കു വീണ്ടും പരാതി നൽകി. സെപ്റ്റംബർ 18നു ലഭിച്ച മറുപടി എസ്എംഎസിലാണു പരേതയായ ഉദ്യോഗസ്ഥയ്ക്കു തന്നെ രണ്ടാമതും അന്വേഷണച്ചുമതല കൈമാറിയ വിവരമുള്ളത്.