ADVERTISEMENT

നെടുമ്പാശേരി∙ പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മകനും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളുടെ ഇളയ മകൻ ശനിയാഴ്ച രാത്രി ആശുപത്രിയിലാണ് മരിച്ചത്. വെളിയത്ത് സനൽ (39), ഭാര്യ സുമി (38) എന്നിവരെയാണ് വെള്ളിയാഴ്ച അർധരാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവർക്കും പൊളളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ആസ്തിക് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച കുറിപ്പ് ഇവരുടെ കാറിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സനലും സുമിയും അങ്കമാലി തുറവൂരിൽ ജനസേവന കേന്ദ്രം നടത്തുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഉണർന്ന നാട്ടുകാർ കണ്ടത് കത്തിയെരിയുന്ന വീടാണ്. അയൽക്കാർ വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. ആദ്യ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു സനൽ. തൊട്ടടുത്ത മുറിയിലെ കട്ടിലിലായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ സുമിയുടെ മൃതദേഹം.

വാതിൽ തുറന്നയുടൻ കുട്ടികൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു. അശ്വതിന് മുഖത്തും കൈയിലും ചെറിയ പൊള്ളലേയുള്ളു. ആസ്തിക് ശരീരമാസകലം പൊളളലേറ്റ നിലയിലായിരുന്നു.

സനലും സുമിയും ആത്മഹത്യക്ക് തയാറെടുത്തിരുന്നതായി സൂചനയുണ്ട്. മുറിയിൽ നിന്നു വിഷം കലർത്തിയ ഐസ്ക്രീമിന്റെ അവശിഷ്ടവും പൊലീസ് കണ്ടെടുത്തു. കുട്ടികൾ ഉറങ്ങിയ ശേഷം കിടപ്പു മുറിയിൽ തീകൊളുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി. ശാസ്ത്രീയാന്വേഷണ വിഭാഗവും എത്തിയിരുന്നു.  പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും സംസ്കാരം നടത്തി. ആസ്തികിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. കാലടി ആശ്രമം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

English Summary:

Couple committed suicide at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com