ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സമ്മേളനങ്ങളിൽ പി.വി.അൻവറിനെ സംബന്ധിച്ച് ചർച്ച ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ മറുപടി നൽകാൻ നേതൃത്വം തീരുമാനിച്ചു. അൻവറിന്റെ വിമർശനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന വാദം ചില നേതാക്കൾ പങ്കുവയ്ക്കുന്ന സാഹചര്യത്തിൽക്കൂടിയാണിത്.

  • Also Read

പൊലീസിനെതിരായ വിമർശനങ്ങൾ ഇപ്പോൾ നടന്നുവരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടുപിടിച്ച ചർച്ചയ്ക്കു കാരണമായിട്ടുണ്ട്. അൻവറിനെ പിന്താങ്ങുന്ന അഭിപ്രായങ്ങളാണ് ഒരുഘട്ടംവരെ നടന്നത്. എന്നാൽ, വഴിപിരിഞ്ഞതോടെ അൻവറിന്റെ ചിന്തകൾ ഒരുതരത്തിലും പാർട്ടിയിലേക്കു കടന്നുകയറരുതെന്ന വാശിയിലാണു നേതൃത്വം. അടുത്ത മാസം ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും.

മലപ്പുറത്തു ലോക്കൽ തലം വരെ അൻവറിനെതിരെ പ്രകടനങ്ങൾ നടന്നു. മറ്റു ജില്ലകളിലും ഇന്നലെ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം തിരിച്ചെത്തുന്ന നേതാക്കൾ അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു തുടർനടപടികൾ തീരുമാനിക്കും. അൻവറുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ അലംഭാവമോ അമാന്തമോ ഉണ്ടായെന്ന ചില നേതാക്കളുടെ വിമർശനം ചർച്ചയെ സ്വാധീനിക്കും. മറുപടി നൽകാൻ മുഖ്യമന്ത്രി മാത്രമേയുള്ളൂവെന്ന ജി.സുധാകരന്റെ പ്രതികരണം ആ അഭിപ്രായം പങ്കുവയ്ക്കുന്നവരുടേതാണ്.

പുതിയ പാർട്ടി രൂപീകരിക്കുമെന്ന അൻവറിന്റെ പ്രഖ്യാപനം സിപിഎം മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനു മുതിർന്നാൽ അദ്ദേഹത്തിന് നിയമസഭയിൽനിന്നു നോട്ടിസ് ലഭിക്കും. സ്വതന്ത്രനായി ജയിച്ച എംഎൽഎ മറ്റൊരു പാർട്ടിയുടെ ഭാഗമാകുന്നത് ഭരണഘടനയുടെ 10–ാം ഷെഡ്യൂൾ പ്രകാരം അനുവദനീയമല്ല. കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള അയോഗ്യതാ നോട്ടിസ് നേരിടേണ്ടിവരും. അൻവർ ഇന്നു നിലമ്പൂരിൽ വിളിച്ചിരിക്കുന്ന സമ്മേളനമാണു സിപിഎമ്മും ഉറ്റുനോക്കുന്നത്. അതിൽ അൻവറിനൊപ്പം മറ്റാരെങ്കിലും പങ്കെടുക്കുമോയെന്നാണ് അറിയേണ്ടത്. കെ.ടി.ജലീൽ സഹകരണത്തിന്റെ സൂചന നൽകിയെങ്കിലും ഈ ഘട്ടത്തിൽ പരസ്യമായി കൈകോർക്കുമെന്നു പാർട്ടി കരുതുന്നില്ല.

English Summary:

CPM leadership decided to give reply if there is discussion about PV Anwar in CPM meetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com