ADVERTISEMENT

പാനൂർ ∙ കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടിയുടെ സഹനസൂര്യനായി മാറിയ പുഷ്പന്റെ സംസ്കാരത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ മുൻമന്ത്രി എം.വി.രാഘവന്റെ പേര് പരാമർശിക്കാതെ നേതാക്കൾ. സ്വാഗതം പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മുതൽ പിന്നീട് പ്രസംഗിച്ച നേതാക്കളിലാരും 1994 നവംബർ 25ന് വെടിവയ്പിന് ഇടയാക്കിയ സാഹചര്യങ്ങളക്കുറിച്ച് പരാമർശിച്ചപ്പോൾ ഒരിക്കൽപോലും കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനു മുന്നിലേക്കാണ് എന്നു പറഞ്ഞില്ല. 

എം.വി.രാഘവന്റെ മരണശേഷം സിഎംപിയിലെ ഒരു വിഭാഗം ഇപ്പോൾ സിപിഎമ്മുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. എം.വി.രാഘവന്റെ മകൻ എം.വി.നികേഷ് കുമാറിനെ ഈയിടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നികേഷ് കുമാർ ചൊക്ലി രാമവിലാസം സ്കൂളിലെത്തി പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചു. 

യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയം എന്നാണ് അനുശോചന യോഗത്തിൽ നേതാക്കൾ പറഞ്ഞത്. തെറ്റായ നയം സ്വാശ്രയ വിദ്യാഭ്യാസം സംബന്ധിച്ചായിരുന്നു എന്നു പരാമർശിക്കാനും നേതാക്കൾ മടിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, അധ്യക്ഷനായിരുന്ന ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവരെല്ലാം അന്നത്തെ പൊലീസ് സംവിധാനത്തെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. സിപിഎം ഭരണ കാലത്തെല്ലാം പൊലീസ് ജനപക്ഷമാണെന്ന് ഗോവിന്ദൻ പറയുകയും ചെയ്തു. 

     നേരത്തേ, ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി പുഷ്പന്റെ മൃതദേഹം മേനപ്രത്തെ വീടിനു സമീപം മാമൻ വാസു സ്മാരകത്തിനു മുന്നിലെ പറമ്പിൽ സംസ്കരിച്ചു. 

    സഹോദരങ്ങളുടെ മക്കളായ രസിൻ രാജ്, നവൽ പ്രകാശ്, ജിനീഷ് എന്നിവർ ചേർന്നു വൈകിട്ട് അഞ്ചരയോടെ ചിതയ്ക്കു തീകൊളുത്തി.

English Summary:

Puthukkudi Pushpan condolence meeting without mentioning MV Raghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com