ADVERTISEMENT

തിരുവനന്തപുരം ∙ 2020 മേയ് 19ന് തലസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ മറ്റാരുടെയും ഉപദേശം തേടേണ്ട ശീലം തനിക്കുണ്ടെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ലെന്നും ഏതെങ്കിലും ഏജൻസിയുടെ നിർദേശത്തിനു താൻ കാത്തു നിൽക്കുന്നില്ലെന്നും ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ആ വാക്കുകൾ ഇപ്പോൾ ആരെങ്കിലും ഓർമിപ്പിച്ചാൽ അദ്ദേഹത്തിനു നോവും. 

  • Also Read

കോവിഡ് കാല വാർത്താസമ്മേളനങ്ങൾ പ്രതിഛായ കൂട്ടാനായി പബ്ലിക് റിലേഷൻസ് (പിആർ) ഏജൻസികളുടെ ഉപദേശപ്രകാരം സംഘടിപ്പിക്കുന്നതാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യമാണ് അന്നു മുഖ്യമന്ത്രി തള്ളിയത്. പിആർ പിന്തുണ പിണറായി തേടുന്നുണ്ടെന്ന ആരോപണം വസ്തുതയാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ നേതാവ് അഭിമുഖത്തിനു മാധ്യമപ്രവർത്തകയെ കണ്ടപ്പോൾ പിആർ ഏജൻസിയിലെ 2 പേർ ഒപ്പം ഇരുന്നെന്നു കൂടി കേൾക്കുമ്പോൾ പിണറായിയുടെ ആരാധകരും അമ്പരക്കുന്നു.

രാഷ്ട്രീയ പാർട്ടികളും നേതാക്കളും തിരഞ്ഞെടുപ്പിനും പ്രതിഛായാ വർധനയ്ക്കും പ്രഫഷനൽ ഏജൻസികളുടെ സേവനം തേടുന്നത് പുതിയ കാര്യമല്ല. എന്നാൽ, അത്തരം പിന്തുണ ആവശ്യമില്ലാത്ത നേതാവാണ് താൻ എന്ന സന്ദേശം പുറത്തേക്കു നൽകാനാണ് പിണറായി ഇതുവരെ ശ്രമിച്ചുവന്നത്. മുന്നണി– പാർട്ടി തല ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹവും മന്ത്രിമാരും നയവും പരിപാടികളും ആവിഷ്കരിക്കേണ്ടത്. അതു നടപ്പാക്കാനായി സർക്കാരിന്റെ വിപുലമായ സംവിധാനമുണ്ട്. ഇടതിന്റെ രാഷ്ട്രീയവും അതിന്റെ പ്രായോഗിക വശവും കൈകാര്യം ചെയ്യുന്നതിൽ പുറത്തുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് ലംഘിക്കപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ സംഭവ വികാസം ഉയർത്തുന്നു. 

പാർട്ടിയിലോ എൽഡിഎഫിലോ മുൻകൂട്ടി ചർച്ച ചെയ്യാതെ പിണറായി അവതരിപ്പിച്ച ‘നവകേരള സദസ്സ്’ എന്ന ആശയം പുറത്തെ കേന്ദ്രങ്ങളിൽ വിരിഞ്ഞതാണെന്ന പഴയ ആരോപണത്തിന് ആധികാരികത കൈവരുന്നു. കോവിഡിനെ നേരിട്ടതിനു കിട്ടിയ ആഗോള പ്രശംസ മുതൽ ‘ക്യാപ്റ്റൻ’ വിളി വരെ യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന അഭിപ്രായം മുൻപ് ഉയർന്നിരുന്നു.

മാധ്യമങ്ങളോട് പിണറായി പുലർത്തിവരുന്ന അകലം കണക്കിലെടുക്കുന്നവരെ പുറത്തുവന്ന കാര്യം ആശ്ചര്യപ്പെടുത്തും. മാധ്യമ പരിലാളന ലഭിക്കാതെ വളർന്ന നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ സിപിഎം അവതരിപ്പിക്കാറുള്ളത്. 

മന്ത്രിസഭായോഗങ്ങൾക്കു ശേഷം പതിവായി മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രിമാരുടെ കീഴ്‌വഴക്കം വല്ലപ്പോഴും മാത്രം എന്നതിലേക്ക് ചുരുക്കിയത് പിണറായിയാണ്. അങ്ങനെയുള്ള ഒരാൾ എന്തിനാണ് പിആർ ഏജൻസിക്കാരുടെ പിന്തുണ തേടിയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നതു വരെ സന്ദേഹങ്ങൾ തുടരും.

English Summary:

Kerala CM Pinarayi Vijayan's PR Agency Revelation Sparks Political Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com