അൻവറിന്റെ റിസോർട്ടിലെ കാട്ടരുവി തടഞ്ഞുള്ള നിർമാണം പൊളിച്ചുനീക്കാൻ റീ ടെൻഡർ
Mail This Article
കൂടരഞ്ഞി ∙ പി.വി.അൻവർ പാർട്ടി മാറിയതോടെ കക്കാടംപൊയിലിലെ പാർക്കിലെ അനധികൃത നിർമാണം പൊളിക്കാനുള്ള നീക്കം വേഗത്തിലാക്കി കൂടരഞ്ഞി പഞ്ചായത്ത്. വർഷങ്ങളായി നടന്നിരുന്ന കേസിൽ മെല്ലെപ്പോക്കു തുടർന്ന പഞ്ചായത്ത് അൻവറിനെ സിപിഎം തള്ളിപ്പറഞ്ഞതോടെ നടപടികൾക്കു വേഗം കൂട്ടി.
എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ നാച്വറോ പാർക്കിനോടു ചേർന്ന് കാട്ടരുവി തടഞ്ഞുള്ള നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കാൻ ഹൈക്കോടതിയും കലക്ടറും ഉത്തരവിട്ടിട്ടും സാങ്കേതിക വാദങ്ങൾ ഉന്നയിച്ചു പഞ്ചായത്ത് നടപടികൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഉടമ അനധികൃത നിർമാണം പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് ഇടപെട്ടു പൊളിച്ചു നീക്കാനും ചെലവ് ഉടമയിൽ നിന്നു വാങ്ങാനുമായിരുന്നു ഒടുവിൽ കലക്ടറുടെ ഉത്തരവ്. അൻവർ രാഷ്ട്രീയം മാറിയതോടെ 27നു പ്രത്യേക ഭരണ സമിതി ചേർന്ന് റീ ടെൻഡർ നടത്താൻ തീരുമാനിക്കുകയായിരുന്നു.
∙ മലപ്പുറം ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്ലെങ്കിലും ഇടതുമുന്നണിയെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഞാൻ വിചാരിച്ചാൽ കഴിയും. പാർട്ടി വെല്ലുവിളിച്ചാൽ അതേറ്റെടുക്കാൻ തയാറാണ്. മെക്കിട്ടുകയറാൻ വന്നാൽ തിരിച്ചുപറയും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തലയ്ക്കു വെളിവില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. - പി.വി.അൻവർ എംഎൽഎ
∙ സ്വർണക്കള്ളക്കടത്ത്, സ്വർണം പൊട്ടിക്കൽ, ലഹരിക്കടത്ത് സംഘങ്ങൾക്കെല്ലാം സംരക്ഷണം നൽകുകയും പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ സംരക്ഷിക്കുകയും അല്ലാത്തപ്പോൾ നടപടിയെടുക്കുകയും ചെയ്യുന്നത് സർക്കാരിന്റെ കാട്ടുനീതിയാണ്. - വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
∙ പി.വി.അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയുന്നില്ല. എൽഡിഎഫ് കൺവീനർ പറഞ്ഞുകഴിഞ്ഞു. - മന്ത്രി പി.എ.മുഹമ്മദ് റിയാസ്
∙ പി.വി.അൻവറിന്റേതല്ല, ഞങ്ങളുടെ സ്വന്തം നിലപാടാണു സിപിഐ പറയുന്നത്. എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് സിപിഐക്ക് ബന്ധമില്ല. - ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
∙ പി.വി.അൻവറിന്റെ ആരോപണങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടുപോകാനാകില്ല. പി.വി.അൻവർ എന്ന വ്യക്തിയല്ല, അദ്ദേഹം ഉയർത്തിയ വിഷയമാണു പ്രധാനം. - രമേശ് ചെന്നിത്തല കോൺഗ്രസ് നേതാവ്
∙ പി.വി.അൻവർ വിളിച്ച പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികമാണ്. അണികൾ ഭദ്രമാണ്. പാർട്ടിക്കു വേവലാതിയില്ല. - ടി.പി.രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ