ADVERTISEMENT

മുതുകുളം (ആലപ്പുഴ ) ∙ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ്കുമാർ (34) ആണ് അറസ്റ്റിലായത്. 

മാർച്ച് 21ന് മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ ശാന്താലയം വീട്ടിൽ അക്ഷയ് (25)ൽ നിന്ന് 1,65,000 രൂപ വാങ്ങി ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിച്ച ശേഷം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനു വിസമ്മതിച്ച അക്ഷയിനെ ദിവസങ്ങളോളം ഇരുട്ടു മുറിയിൽ അടച്ചു ശാരീരികമായി പീഡിപ്പിച്ചു. തുടർന്ന് അക്ഷയയുടെ പിതാവ് ശാന്തകുമാരൻ എംബസിയിൽ വിവരം അറിയിക്കുകയും എംബസി ഇടപെട്ട് അക്ഷയ്‌യെയും ഒപ്പം ഉണ്ടായിരുന്ന അറുപതോളം ഇന്ത്യക്കാരായ യുവാക്കളെയും രക്ഷപ്പെടുത്തി മേയ് 24ന് നാട്ടിൽ എത്തിക്കുകയുമായിരുന്നു. 

ശാന്തകുമാരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നു നാടുവിട്ട പ്രതി ബിനീഷ്കുമാർ മൂന്നാറിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അക്ഷയ് ഉൾപ്പെടെ മൂന്ന് പേരെയാണ് ബിനീഷ്കുമാർ കംബോഡിയയിലേക്കു കടത്തിയത്. മറ്റു 2 പേർ കൊല്ലം ജില്ലക്കാർ ആണ്. വാങ്ങിയ പണം തിരികെ നൽകാമെന്ന ബിനീഷ്കുമാറിന്റെ ഉറപ്പിൽ ഇവർ നിയമ നടപടികളുമായി മുന്നോട്ടു പോയില്ല. 

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോയിലെയും ദേശീയ സുരക്ഷാ ഏജൻസിയിലെയും ഉദ്യോഗസ്ഥർ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് കേസ് സംബന്ധമായ വിവരങ്ങൾ ശേഖരിച്ചു.

English Summary:

Accused in human trafficking to Cambodia arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com