സിപിഎം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലേഖിക; എന്നിട്ടും പിആർ അഭിമുഖം
Mail This Article
ന്യൂഡൽഹി ∙ രാജ്യ തലസ്ഥാനത്ത് ദ് ഹിന്ദു ദിനപത്രത്തിൽ സിപിഎമ്മിന്റെ ഉൾപ്പെടെ ഇടതുപക്ഷ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലേഖികയ്ക്ക് അഭിമുഖം നൽകാനാണ് മുഖ്യമന്ത്രി പിണറായി വിജയനു പിആർ ഏജൻസിയുടെ സഹായം വേണ്ടിവന്നത്. സർക്കാരിന്റെ ഉദ്യോഗസ്ഥർ ആരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നില്ല. കെയ്സന്റെ സിഇഒ വിനീത് ഹാണ്ഡയും ‘സുബ്രമണ്യം’ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയും ഒപ്പമുണ്ടായിരുന്നു താനും. മലയാളത്തിലായിരുന്നു അഭിമുഖം.
ഡൽഹിയിൽ നേരത്തേ പല തവണ ഇംഗ്ലിഷ് മാധ്യമങ്ങൾക്കു പിണറായി അഭിമുഖം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഒപ്പമുള്ള നേതാക്കളുമായോ ഉദ്യോസ്ഥരുമായോ സംസാരിച്ച് അഭിമുഖത്തിനു സമയം കണ്ടെത്തുകയെന്നതായിരുന്നു രീതി.
ഇത്തവണ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യമൊരുക്കാമെന്നു പറഞ്ഞ് മാധ്യമ സ്ഥാപനത്തെ പിആർ ഏജൻസി സമീപിച്ചുവെന്നതും അഭിമുഖത്തിൽ പറഞ്ഞതിനു പുറമേ എന്തുകൂടി ഉൾപ്പെടുത്തണമെന്ന് ‘റിലയൻസിൽ പ്രവർത്തിക്കുന്ന’യാൾ ആവശ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.
ഖലീജിലെ അഭിമുഖവും കെയ്സൻ വഴി
ദുബായ് ∙ കേരളത്തിലെ പ്രളയം, വയനാട് പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ദുബായിലെ ഖലീജ് ടൈംസിൽ വന്ന അഭിമുഖം തയാറാക്കിയതും കെയ്സൻ കമ്പനി തന്നെ. മുഖ്യമന്ത്രിക്കു പറയാനുള്ള കാര്യങ്ങൾ അഭിമുഖമായി പ്രസിദ്ധീകരിക്കണമെന്ന് അഭ്യർഥിച്ച് ഇവർ ഖലീജ് ടൈംസിനെ കഴിഞ്ഞമാസം ആദ്യം ഇമെയിൽ വഴി ബന്ധപ്പെട്ടു.
പ്രളയം, പുനരധിവാസം എന്നിവ സംബന്ധിച്ചു മാത്രമായിരിക്കണം ചോദ്യങ്ങളെന്നും നിർദേശിച്ചിരുന്നു. ഇതുപ്രകാരം, ഖലീജ് ടൈംസ് തയാറാക്കിയ ചോദ്യങ്ങൾ കെയ്സന് അയച്ചുകൊടുത്തു. മറുപടി ഇവർ ഖലീജിനു തിരികെ നൽകി. സെപ്റ്റംബർ 5ന് ഓൺലൈനിലും 6നു പത്രത്തിലും പ്രസിദ്ധീകരിച്ച അഭിമുഖത്തിനായി മുഖ്യമന്ത്രിയുമായി പത്രത്തിന്റെ പ്രതിനിധികളാരും നേരിട്ടു സംസാരിച്ചിട്ടില്ല.
വയനാടിന്റെ പുനർനിർമാണത്തിൽ പ്രവാസികൾ നിർണായക പങ്ക് വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷയാണ് അഭിമുഖത്തിന്റെ തലക്കെട്ടാക്കിയിരിക്കുന്നത്.
കെയ്സന്റെ ഇടപാടുകാരിൽ വൻകിട കമ്പനികൾ
ന്യൂഡൽഹി ∙ ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുള്ള ‘കെയ്സൻ ഗ്ലോബൽ’ എന്ന പബ്ലിക് റിലേഷൻസ്–ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഇടപാടുകാരിൽ വേദാന്ത, നാസ്കോം ഫൗണ്ടേഷൻ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. മാർക്കറ്റിങ്, പിആർ രംഗങ്ങളിൽ അനുഭവപരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തിൽ 2008 ൽ ആരംഭിച്ച കമ്പനിയിൽ ഇന്നുള്ളതു 170 ജീവനക്കാർ.
ഡൽഹി – ഹരിയാന അതിർത്തിയിലെ ഗിതോർണിയിലുള്ള ഓഫിസിൽ അൻപതോളം ജീവനക്കാരുണ്ട്. കമ്പനി പ്രസിഡന്റും മലയാളിയുമായ നിഖിൽ പവിത്രൻ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. 2018 ൽ വൈസ് പ്രസിഡന്റ് പദവിയിൽ കെയ്സനിലെത്തിയ നിഖിൽ, കഴിഞ്ഞവർഷം ഫെബ്രുവരിയിലാണു പ്രസിഡന്റായത്.