സിപിഐ–കേരള കോൺഗ്രസ് (എം) പോര് വീണ്ടും; ‘കടലാസ് പുലി’ക്ക് പിന്നിലെ ലക്ഷ്യം കൂടുതൽ സീറ്റ്
Mail This Article
കോട്ടയം ∙ എൽഡിഎഫിൽ സിപിഐയും കേരള കോൺഗ്രസും (എം) തമ്മിൽ വീണ്ടും മൂപ്പിളമത്തർക്കം. ജില്ലാ നേതൃക്യാംപിൽ കേരള കോൺഗ്രസിന് (എം) എതിരെ സിപിഐ ഉയർത്തിയ ‘കടലാസ് പുലി’ പ്രയോഗം ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാക്കി.
വാർഡ് പുനർവിഭജനത്തിലൂടെ അധികമായി ഉണ്ടാകുന്ന സീറ്റുകളാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലക്ഷ്യം വച്ച് കേരള കോൺഗ്രസ് (എം) നടത്തുന്ന നീക്കങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശ്യവും സിപിഐക്കുണ്ട്. കേരള കോൺഗ്രസിനെ (എം) സിപിഎം വേണ്ടതിലധികം പ്രാധാന്യത്തിൽ കാണുന്നുവെന്ന പരാതി തുടക്കം മുതൽ സിപിഐക്കുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പരാജയപ്പെട്ടതോടെ ജനപിന്തുണ സംബന്ധിച്ച അവരുടെ അവകാശവാദങ്ങൾ അപ്രസക്തമായെന്ന നിലപാടാണു സിപിഐ മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ ശക്തിമേഖലയായ വൈക്കത്തു മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്കു ഭൂരിപക്ഷം ഉണ്ടായതെന്നും അതു സിപിഐ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ എൽഡിഎഫ് കൺവീനർ സ്ഥാനം കേരള കോൺഗ്രസിന് (എം) നൽകിയതിലും സിപിഐ അസ്വസ്ഥരാണ്. കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ 197 സീറ്റുകളിൽ മാത്രമാണ് സിപിഐ മത്സരിച്ചത്. ഇതിൽ പല സീറ്റുകളിലും പരസ്പര മത്സരവുമുണ്ടായി. പ്രത്യേകിച്ച് പാലാ, പൂഞ്ഞാർ പ്രദേശങ്ങളിൽ. ഇതു കേരള കോൺഗ്രസിന്റെ (എം) താഴെത്തട്ടിലെ യുഡിഎഫ് സ്വഭാവം പ്രകടമാക്കുന്നതാണെന്നാണു സിപിഐ വാദം.
എന്നാൽ, ലോക്സഭാ സീറ്റ് പരാജയം ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമാണെന്നും പഞ്ചായത്തുതലത്തിലുള്ള തിരഞ്ഞെടുപ്പുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നുമാണു കേരള കോൺഗ്രസ് (എം) നിലപാട്. തങ്ങൾ മുന്നണിയിലേക്കു വന്നശേഷം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിനു നേട്ടങ്ങൾ മാത്രമാണുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.