ADVERTISEMENT

കോട്ടയം ∙ ആഴ്ചയിലൊന്നു വീതം ലഭിച്ചിരുന്ന കെ.കെ.രാജപ്പന്റെ കത്തു നിലച്ചതോടെയാണ്, ഏഴാം ക്ലാസിൽ പഠിച്ചിരുന്ന കുഞ്ഞനിയൻ ഇത്തിത്താനം കുളത്തുങ്കൽ (കപ്പപ്പറമ്പിൽ) കെ.കെ.മണിയപ്പൻ വിവരം അന്വേഷിച്ച് കഞ്ഞിക്കുഴിയിലെ സൈനിക ഓഫിസിൽ എത്തിയത്. ഈ അന്വേഷണത്തിലാണ്, ഇന്ത്യൻ സൈന്യത്തിൽ ആർട്ടിലറി റജിമെന്റിൽ ഉദ്യോഗസ്ഥനായിരുന്ന രാജപ്പൻ സഞ്ചരിച്ച വിമാനം ചന്ദ്രതുംഗ പർവതത്തിനു സമീപം കാണാതായെന്ന വിവരം ലഭിച്ചത്. അന്വേഷണം പലവട്ടം തുടർന്നു. ഇപ്പോൾ  74 വയസ്സുണ്ട് മണിയപ്പന്.  

56 വർഷം മുൻപാണ് 2 മാസത്തെ അവധിക്കായി രാജപ്പൻ ഒടുവിൽ വീട്ടിലെത്തിയത്. 1968ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധരംഗത്തു മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയ ആഹ്ലാദത്തിലാണു രാജപ്പൻ എത്തിയത്. ലഭിച്ച വെള്ളിമെഡൽ മാതാപിതാക്കളായ  കുട്ടനും ലക്ഷ്മിക്കും സമ്മാനിച്ചു. 

വിവാഹത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. അതിർത്തിയിൽ സംഘർഷമാണെന്നും ഉടൻ തിരികെ എത്തണമെന്നും  സന്ദേശം എത്തിയതോടെ മടങ്ങി. അടുത്ത അവധിക്കു വിവാഹമെന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പു നൽകിയാണ് രാജപ്പൻ തിരികെപ്പോയത്. 

അംബാല 56 എപിഒ സൈനിക പോസ്റ്റിൽനിന്നു  ലഡാകിലേക്ക് വിമാനത്തിൽ പുറപ്പെട്ടെന്നും മൂടൽമഞ്ഞു കാരണം മടങ്ങിയെന്നുമാണ് ഒടുവിൽ ലഭിച്ച കത്തിലെ വിവരം. പിന്നീട് രാജപ്പന്റെ കത്തുകൾ മുടങ്ങി.  102 പേരുമായി വിമാനം കാണാതായെന്ന വിവരം കിട്ടിയതോടെ കുടുംബം തകർന്നു. മാസങ്ങൾക്കു ശേഷം രാജപ്പന്റെ പെട്ടി, യൂണിഫോം, 20,000 രൂപ  എന്നിവ സൈന്യം എത്തിച്ചുനൽകി. മാതാവ് ലക്ഷ്മിക്ക് മാസം 65 രൂപ പെൻഷൻ നൽകി. പെൻഷൻ വർധിച്ച് 90 രൂപ വരെ ലഭിച്ചെന്നും  മണിയപ്പൻ പറയുന്നു.

56 വർഷമായി തിരച്ചിൽ 

രാജ്യചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ സൈന്യം തുടരുന്നുണ്ട്. 2019ൽ പർവതാരോഹക സംഘം ചന്ദ്രതുംഗയിലൂടെ സഞ്ചരിക്കുമ്പോഴാണു വിമാനാവശിഷ്ടം കണ്ടത്. ഉയർന്നുനിന്ന വിമാനാവശിഷ്ട ഭാഗത്തു നമ്പർ കണ്ടപ്പോൾ സൈന്യത്തിനു വിവരം കൈമാറിയെന്നും തിരച്ചിൽ നടക്കുന്നെന്നുമാണ് മണിയപ്പന് അറിയുന്ന വിവരം. എന്നാൽ 2003ലാണ് വിമാനാവശിഷ്ടം കണ്ടെത്തിയതെന്നാണ് സൈന്യം പുറത്തുവിട്ട വിവരം.

English Summary:

Family waits for missing soldier in rohtang pass plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com