ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായോ എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്കുമാറിനു വിനയായേക്കും. എഡിജിപിയുടെ പങ്ക് ‍ഡിജിപി നേരിട്ടാണ് അന്വേഷിക്കുക എന്നതുതന്നെ കാരണം. 

പൂരം അലങ്കോലപ്പെട്ടതിൽ അജിത്തിന്റെ വീഴ്ച അക്കമിട്ടു നിരത്തിയാണു ഡിജിപി എസ്.ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അജിത്തിനെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റാമായിരുന്നു. എന്നാൽ, റിപ്പോർട്ട് കൈമാറുന്നതിനു മുൻപ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി കൂടിയാലോചന നടത്തി. അതിനു ശേഷമാണു ‍‍ഡിജിപിയുടെ റിപ്പോർട്ടിൽ വിശദ അന്വേഷണം വേണമെന്ന ആമുഖക്കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറിയത്. 

എന്നാൽ, സെപ്റ്റംബർ 24നു ലഭിച്ച റിപ്പോർട്ടിൽ ഇപ്പോഴാണു മുഖ്യമന്ത്രി വിശദ അന്വേഷണം പ്രഖ്യാപിക്കുന്നത്. പലരിൽനിന്നും വിവരം ശേഖരിച്ചാണ് ആദ്യ റിപ്പോർട്ട് നൽകിയത്. അതിനാൽ വിശദ അന്വേഷണത്തിന്റെ കണ്ടെത്തലിലും വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല. അത് അജിത്തിനു തിരിച്ചടിയായേക്കും. 

പൂരം അലങ്കോലപ്പെട്ടതിനെക്കുറിച്ച് അജിത് നൽകിയ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരായിപ്പോലും പരാമർശമുണ്ട്. പൂരം അട്ടിമറി ശ്രമവും ഗൂഢാലോചനയും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ വിശദ അന്വേഷണത്തിനാണു ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷിനെ ചുമതലപ്പെടുത്തിയത്. വെങ്കിടേഷ് നിഷ്പക്ഷനെങ്കിലും സർക്കാരിന്റെ വിശ്വസ്തനുമാണ്. പൂരവുമായി ബന്ധപ്പെട്ടു മറ്റു വകുപ്പുകളുടെ വീഴ്ചയാണ് ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കുന്നത്. ഇതിൽ പൊതുമരാമത്ത്, ടൂറിസം, റവന്യു, വനം, വൈദ്യുതി, ജലവിഭവം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെല്ലാം ഉണ്ട്. ഇവയെക്കുറിച്ചൊന്നും കാര്യമായ ആക്ഷേപം സിപിഐ പോലും ഉയർത്തിയിട്ടില്ല.

English Summary:

Ajith Kumar may suffer setback from DGP's investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com