ചോദ്യങ്ങൾ മനഃപൂർവം ഒഴിവാക്കിയിട്ടില്ല: സ്പീക്കർ
Mail This Article
തിരുവനന്തപുരം ∙ എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്ചയടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിട്ടവയുടെ കൂട്ടത്തിൽനിന്നു ബോധപൂർവം ഒഴിവാക്കിയിട്ടില്ലെന്നും അത്തരം ആരോപണം പ്രതിപക്ഷ നേതാവിന് ഉണ്ടെന്നു കരുതുന്നില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. എല്ലാ ചോദ്യങ്ങളും സഭയിൽ ചോദിക്കാൻ കഴിയില്ല. മനഃപൂർവം ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. 30 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളാണ് ഒരു ദിവസം വരുന്നത്. ഇതിൽ എല്ലാം സഭയിൽ ചോദിക്കാൻ കഴിയാറില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
-
Also Read
റേഷൻ കമ്മിഷൻ: 14.35 കോടി അനുവദിച്ചു
നിയമസഭയിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന പി.വി.അൻവറിന്റെ വാക്കുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ, സഭയിൽ ആവശ്യത്തിനു സീറ്റുകളുണ്ടെന്നും ആരും തറയിൽ ഇരിക്കേണ്ടിവരില്ലെന്നുമായിരുന്നു മറുപടി. അൻവർ സ്വതന്ത്ര അംഗമാണ്. ഇപ്പോൾ സർവസ്വതന്ത്രമായി. അദ്ദേഹം എന്തു നിലപാട് സ്വീകരിച്ചാലും അതു സ്പീക്കറെ ബാധിക്കില്ല. സ്പീക്കർ നിഷ്പക്ഷമായാണു പ്രവർത്തിക്കുന്നതെന്നു മാധ്യമങ്ങൾ തന്നെ എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രി മലപ്പുറം ജില്ലയ്ക്കെതിരായി പറയില്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അത്തരം പരാമർശം നടത്തുന്ന ആളല്ല മുഖ്യമന്ത്രിയെന്നറിയാം. എം.മുകേഷ് എംഎൽഎക്ക് എതിരായ സ്ത്രീപീഡനക്കേസ് ചൂണ്ടിക്കാട്ടിയപ്പോൾ സഭാംഗങ്ങൾ അച്ചടക്കം പാലിക്കേണ്ടവരാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം എന്നുമായിരുന്നു സ്പീക്കറുടെ മറുപടി.