നിയമസഭയിൽ മുഖത്തുനോക്കി ചോദിക്കും: വി.ഡി.സതീശൻ
Mail This Article
പാലക്കാട് ∙ തൃശൂർ പൂരം കലക്കിയതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി ശരിവച്ച സ്ഥിതിക്ക് ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടത്തിയേ തീരൂ.
ആർഎസ്എസ് നേതാക്കളെ കണ്ടതിൽ, തൃശൂർ പൂരം കലക്കിയതിൽ, പി.വി.അൻവറിന്റെ ആരോപണങ്ങളിൽ ഉൾപ്പെടെ അന്വേഷണം നേരിടുന്ന എഡിജിപിയെ മുഖ്യമന്ത്രി കരുതലോടെ ഇപ്പോഴും ചേർത്തുനിർത്തുകയാണ്. അദ്ദേഹത്തിന്റെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോഓർഡിനേഷൻ ആയതുകൊണ്ടാണു മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയതിന് ഒരു ഡിവൈഎസ്പിയെ രാത്രിതന്നെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിയാണ് അരഡസൻ അന്വേഷണം നേരിടുന്ന എഡിജിപിയെ സംരക്ഷിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ നയതന്ത്ര സ്വർണക്കള്ളക്കടത്തിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും കേൾക്കുന്നില്ല. ഇഡി സിപിഎമ്മിനെ വിട്ടു. ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് എതിരെയാണ് അന്വേഷണം. നിയമസഭയിൽ പ്രതിപക്ഷം നൽകിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ നക്ഷത്രചിഹ്നം മാറ്റി അതില്ലാത്ത വിഭാഗത്തിലാക്കിയതു കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. പ്രതിപക്ഷം ഈ വിഷയങ്ങളൊക്കെ നിയമസഭയിൽ മുഖത്തുനോക്കി ചോദിക്കുമെന്നും സതീശൻ പറഞ്ഞു.