സിഎംആർഎൽ– എക്സാലോജിക് ഇടപാട്: കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ
Mail This Article
തിരുവനന്തപുരം∙ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴിയെടുത്തു.
അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിൽ കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കൂടിയായ കെ.അരവിന്ദാക്ഷന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഐഡിസിയുടെ ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും ഹാജരാക്കി.
തങ്ങൾക്കെതിരെ കൂടി എസ്എഫ്ഐഒ അന്വേഷണം നടത്തുന്നതിനെതിരെ നേരത്തേ കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാനും നിർദേശിച്ചു. ഇതിനുശേഷം എസ്എഫ്ഐഒ സംഘം തിരുവനന്തപുരത്തെ കെഎസ്ഐഡിസി ആസ്ഥാനത്തെത്തി ഏതാനും രേഖകൾ ശേഖരിച്ചിരുന്നു.
ചില കാര്യങ്ങളിൽ വിശദീകരണവും ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായാണു കെഎസ്ഐഡിസിയുടെ ധനകാര്യ വിഭാഗത്തിന്റെ ചുമതലക്കാരൻ എന്ന നിലയിൽ ചീഫ് ഫിനാൻസ് ഓഫിസർ രേഖകളുമായി ഹാജരായതും മൊഴി നൽകിയതും.
കരിമണൽ കമ്പനിയായ സിഎംആർഎലിൽ മുൻപേയുള്ള ഓഹരി പങ്കാളിത്തം തുടരുന്നതും ബോർഡിൽ അംഗത്വമുണ്ടെന്നതും ഒഴിച്ചാൽ ദൈനംദിന ബിസിനസിൽ പങ്കില്ലെന്ന നിലപാടാണു കെഎസ്ഐഡിസി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഇതേ നിലപാട് ജനറൽ മാനേജരും ആവർത്തിച്ചുവെന്നാണു വിവരം.
എസ്എഫ്ഐഒ അന്വേഷണം കഴിഞ്ഞ 30നു പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജിയിൽ നവംബർ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോർട്ട് നൽകരുതെന്നു കോടതി എസ്എഫ്ഐഒയോടു നിർദേശിച്ചിരിക്കുകയാണ്. ഇതിനിടെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള തന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനെതിരെ വീണ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുമുണ്ട്.