ജീവൻ തിരികെപ്പിടിച്ച് അഞ്ചുപേർ
Mail This Article
ബൈക്ക് കനാലിലേക്ക് മറിഞ്ഞു; സഹോദരങ്ങളെ രക്ഷപ്പെടുത്തി
കോതനല്ലൂർ ∙ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ നിന്നു 35 അടി താഴ്ചയിലുള്ള കനാലിലേക്കു പതിച്ചു. ആരും കാണാതെ കനാലിൽ കിടന്ന യുവാക്കളെ രണ്ടു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ഇരുവരും കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു താമസിക്കുന്ന ഇടുക്കി മൂന്നാർ ടോപ് ഡിവിഷൻ മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിൽ എ.ആകാശ് നവീൻ (24), അനുജൻ എ.ആഷിക് നവീൻ (20) എന്നിവരാണു രക്ഷപ്പെട്ടത്.
കോട്ടയം – എറണാകുളം റോഡിൽ കോതനല്ലൂർ കളത്തൂർ കവലയ്ക്കു സമീപമുള്ള എംവിഐപി. സബ് കനാലിലേക്കാണു ബൈക്ക് പതിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണു അപകടം. എറണാകുളത്തുള്ള കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂവിനു പോവുകയായിരുന്നു ഇവർ.
കനാലിൽ വെള്ളം കുറവായിരുന്നെങ്കിലും കനാലിന്റെ ഉയരക്കൂടുതൽ കാരണം ആകാശിനും ആഷിക്കിനും കരയിലേക്കു കയറാനായില്ല. പിന്നീടു നാട്ടുകാർ കണ്ടതോടെയാണു രക്ഷാപ്രവർത്തനം നടത്തിയത്.
കാർ തോട്ടിൽ വീണു; അമ്മയും മകളും രക്ഷപ്പെട്ടു
കുമ്മനം ∙ അമ്മയും മകളും യാത്ര ചെയ്ത കാർ നിയന്ത്രണംവിട്ടു തോട്ടിലേക്കു വീണു. നാട്ടുകാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി. അമ്പൂരം കവലയ്ക്കു സമീപം കുറിച്ചാംവേലി ബഷീറിന്റെ ഭാര്യ മുനീറയും (48) മകൾ റംസിയയുമാണു (20) കാറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ആണു സംഭവം. മുനീറയാണു കാർ ഓടിച്ചിരുന്നത്. ഇരുവർക്കും പരുക്കില്ല. അമ്പൂരം പാലത്തിൽ നിന്നിറങ്ങിയ കാർ ആശാൻപാലത്തിലേക്കു കയറുന്നതിനിടെ നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിയുകയായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതു രക്ഷയായി. പഞ്ചായത്തംഗം കെ.എം ഷൈനിമോളുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
വയോധിക കിണറ്റിൽ വീണു; അയൽവാസി രക്ഷകനായി
വൈക്കം ∙ കിണറ്റിൽ വീണ എൺപത്തഞ്ചുകാരിക്ക് അയൽവാസിയായ പൊതുപ്രവർത്തകൻ രക്ഷകനായി. ഇന്നലെ പുലർച്ചെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിലേക്കാണു ബ്രഹ്മമംഗലം ചിറയിൽ കാലായിൽ വീട്ടിൽ സരോജിനി വീണത്. ഓടിയെത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗവുമായ അയൽവാസി കെ.കെ.കൃഷ്ണകുമാർ ഉടൻ കിണറ്റിലിറങ്ങി സരോജിനിയെ വെള്ളത്തിൽനിന്ന് ഉയർത്തിപ്പിടിച്ചു. സഹായത്തിനായി സമീപവാസിയായ പൊറുത്തുമുറിയിൽ മോഹനനും കിണറ്റിൽ ഇറങ്ങി. എന്നാൽ കരയിലേക്കെത്തിക്കാൻ പറ്റാതെ വന്നതോടെ വൈക്കം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി കരയ്ക്കെത്തിച്ചു.