ആലപ്പുഴ മർദനം: ദൃശ്യങ്ങളുമായി പിന്നാലെ നടന്നിട്ടും കൈപ്പറ്റിയില്ല; പൊലീസ് ശ്രമിച്ചത് ദൃശ്യങ്ങൾ കോടതിയിൽ എത്താതിരിക്കാൻ
Mail This Article
ആലപ്പുഴ ∙ ‘ഞങ്ങൾ നൽകിയ തെളിവുകൾ സ്വീകരിച്ചില്ല. കോടതി ഇടപെടൽ കൊണ്ടാണു കേസ് എടുത്തതു പോലും. തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ എത്താതിരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്’– നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ചതിനു മുഖ്യമന്ത്രിയുടെ ഗൺമാന്റെയും സുരക്ഷാ ജീവനക്കാരുടെയും മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യൂവൽ കുര്യാക്കോസ് ആരോപിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണു ചെയ്തത്.
-
Also Read
മാറ്റത്തിന് പുതുദശ; അറിവിന് പുതു‘ദിശ’
ക്രൂരമർദനത്തിനു പിന്നാലെ അന്വേഷണ ഘട്ടത്തിലുടനീളം അനീതിയാണു നേരിട്ടത്. മർദനദൃശ്യങ്ങൾ കിട്ടിയില്ലെന്നു പറഞ്ഞ് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് പ്രതികൾക്കു ക്ലീൻ ചിറ്റും നൽകി. താനും ഒപ്പം മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും വീണ്ടും നിയമപോരാട്ടത്തിനിറങ്ങുകയാണെന്നും അജയ് പറഞ്ഞു. 2023 ഡിസംബർ 15 ന് നടന്ന സംഭവത്തിൽ ഇതുവരെ നേരിട്ട അനീതികൾ ഇരുവരും ഇങ്ങനെ വിശദീകരിക്കുന്നു:
∙ മർദനത്തെപ്പറ്റി പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുത്തില്ല. മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായ നടപടികൾ മാത്രമാണുണ്ടായതെന്നു വിശദീകരണം.
∙ സംഭവത്തിനു സാക്ഷികളായ 4 പേരെ ഞങ്ങൾ ഹാജരാക്കി. ആരുടെയും മൊഴി എടുത്തില്ല. ഇതിൽ ഒരാൾ സംഭവസ്ഥലത്തുണ്ടായിരുന്ന ചാനൽ ക്യാമറമാനാണ്. അദ്ദേഹത്തിൽനിന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടില്ല.
∙ കേസ് എടുക്കാൻ ഉദ്ദേശ്യമില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഞങ്ങൾ കോടതിയെ സമീപിച്ചു. കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു.
∙ പിന്നീട് കുറെനാൾ കഴിഞ്ഞ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതായി അറിയിപ്പു കിട്ടി. കുറെനാൾ കഴിഞ്ഞ്, മർദനത്തിന്റെ ദൃശ്യങ്ങൾ നൽകണമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നോട്ടിസ് കിട്ടി.
∙ ദൃശ്യങ്ങളുമായി ചെന്നപ്പോൾ ചാനലുകളുടെയും മറ്റും വാട്ടർമാർക്ക് ഇല്ലാത്തവ വേണമെന്നു പറഞ്ഞു. മൊബൈൽ ഫോണിലോ മറ്റോ പകർത്തിയവ വേണമെന്നും പറഞ്ഞു. അടിയേറ്റു വീഴുമ്പോൾ എങ്ങനെ വിഡിയോ എടുക്കുമെന്നു ചോദിച്ചതിനോടു പ്രതികരിച്ചില്ല.
∙ വാട്ടർമാർക്ക് ഇല്ലാത്ത ദൃശ്യങ്ങളും മൊബൈൽ ഫോണിൽ സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളുമായി വീണ്ടും ചെന്നെങ്കിലും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി കെ.എസ്.അരുൺ വാങ്ങിയില്ല. പിന്നീടു ബന്ധപ്പെടുമ്പോഴെല്ലാം തിരക്കാണെന്നോ യാത്രയാണെന്നോ മറുപടി.
∙ പിന്നാലെ ഡിവൈഎസ്പി സ്ഥലം മാറി. പകരം വന്ന ഡിവൈഎസ്പി ഒരിക്കൽ പോലും വിളിച്ചിട്ടില്ല. ദൃശ്യങ്ങൾ ഇപ്പോഴും ആരും കൈപ്പറ്റിയിട്ടില്ല.
ഗൺമാൻ മൊഴി നൽകിയത് നാലര മാസത്തിന് ശേഷം
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും സുരക്ഷാ ജീവനക്കാരൻ സന്ദീപിന്റെയും മൊഴിയെടുക്കാൻ പൊലീസിനു കഴിഞ്ഞതു മാസങ്ങൾക്കു ശേഷം. പല തവണ നോട്ടിസ് നൽകിയെങ്കിലും അവർ ഹാജരായില്ല. തിരുവനന്തപുരത്തെത്തി നേരിട്ടു നോട്ടിസ് നൽകിയിട്ടും ഹാജരായില്ല. ഒടുവിൽ, നാലര മാസത്തിനു ശേഷം മേയ് 11ന് മറ്റൊരു കേസിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ അവിടെ വച്ച് അനിലിനെയും സന്ദീപിനെയും കണ്ടു മൊഴിയെടുത്തു.