ADVERTISEMENT

രാജകുമാരി∙ ഹൈക്കോടതി ഉത്തരവുപ്രകാരം സർക്കാർ ഏറ്റെടുത്ത പൂപ്പാറ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ ശ്രമിച്ച 2 വ്യാപാരികൾക്കെതിരെ ശാന്തൻപാറ പൊലീസ് സർക്കാർ വസ്തു നശിപ്പിച്ചതിനും സംരക്ഷണ നിയമം ലംഘിച്ചതിനും കേസെടുത്തു. 

പുഴ പുറമ്പോക്ക് കയ്യേറി നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 7 നാണ് പൂപ്പാറ ടൗണിലെ 46 കടകൾ, 39 കെട്ടിടങ്ങൾ, 3 ആരാധനാലയങ്ങൾ എന്നിവ ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നാർ സ്പെഷൽ ടാസ്ക് ഫോഴ്സ് ഏറ്റെടുത്തത്. കഴിഞ്ഞ ജൂണിൽ ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടം ശാന്തൻപാറ പഞ്ചായത്തിന് നിർദേശം നൽകി.    

എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ ചില വ്യാപാരികൾ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ (സിവിൽ) ഫയൽ ചെയ്തു. തുടർന്ന് ഇവർ കൈവശം വച്ചിരുന്ന കെട്ടിടങ്ങളുടെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അതിനുശേഷം മറ്റു ചില വ്യാപാരികളും സുപ്രീംകോടതിയെ സമീപിച്ചു. 

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുമ്പോഴാണ് 2 വ്യാപാരികൾ റവന്യു വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്ത തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ശനിയാഴ്ച വൈകിട്ട് തുറന്നത്. 

തുടർന്ന് പൂപ്പാറ വില്ലേജ് അധികൃതർ ശാന്തൻപാറ പൊലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തി തുറന്ന കടകൾ അടച്ച് വീണ്ടും സീൽ ചെയ്തു. കടകൾ തുറന്നവർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു.

English Summary:

Case against traders who opened closed shop in Pooppara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com