നഴ്സിങ് കോളജ് പ്രവേശനം: മലയാളി വിദ്യാർഥിക്ക് ബെംഗളൂരുവിൽ റിക്രൂട്ടിങ് ഏജന്റുമാരുടെ ക്രൂരമർദനം
Mail This Article
ആലപ്പുഴ ∙ ബെംഗളൂരുവിലെ നഴ്സിങ് കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു മലയാളി വിദ്യാർഥിക്കു റിക്രൂട്ടിങ് ഏജന്റുമാരിൽ നിന്നു ക്രൂരപീഡനം. മാവേലിക്കര തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ എസ്.ആദിലി(19)നാണു മർദനമേറ്റത്. 2 മലയാളികൾ ഉൾപ്പെട്ട സംഘം മർദിച്ച് അവശനാക്കിയ ശേഷം നഗ്നചിത്രങ്ങളെടുത്തെന്നും ലഹരിവസ്തുക്കൾ വിൽക്കാറുണ്ടെന്നു മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയെന്നും ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ആദിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
ബെംഗളൂരു ജിഗനിയിൽ സുശ്രുത നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയാണ് ആദിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അർജുൻ നിലമ്പൂർ, പത്തനംതിട്ട തെക്കേമല സ്വദേശി റെജി ഇമ്മാനുവൽ എന്നിവർ ചേർന്നു മർദിച്ചെന്നാണു പരാതി. ഉത്തരേന്ത്യയിൽ നിന്നുള്ള ഏജന്റും ഒപ്പമുണ്ടായിരുന്നു. അർജുൻ യുവമോർച്ചയുടെ നിലമ്പൂരിലെ നേതാവാണ്. റാന്നിയിൽ ഇമ്മാനുവൽ എജ്യുക്കേഷനൽ കൺസൽറ്റൻസി നടത്തുന്ന റെജി ബെംഗളൂരുവിൽ സ്ഥിരതാമസമാണ്.
ചെന്നിത്തല കാരാഴ്മ സ്വദേശിയായ ഏജന്റ് വഴിയാണ് ആദിലിനു സുശ്രുത കോളജിൽ സീറ്റ് മേടിച്ചതെന്നു പിതാവ് മാങ്കാംകുഴി പുത്തൻപുരയിൽ എം.ഷിജി പറഞ്ഞു. ആദ്യ സെമസ്റ്റർ പരീക്ഷയെഴുതാൻ മറ്റൊരു കോളജിലേക്കു കൊണ്ടുപോയി. അംഗീകാരമില്ലാത്ത ആ കോളജിന്റെ പേരിലായിരുന്നു അഡ്മിഷൻ എടുത്തിരുന്നത്. ഈ തട്ടിപ്പിന്റെ കാര്യം ആദിൽ പലരോടും പറഞ്ഞിരുന്നു. മറ്റു ചില നഴ്സിങ് കോളജുകളിൽ മലയാളി വിദ്യാർഥികൾക്ക് അഡ്മിഷൻ എടുത്തു കൊടുക്കുകയും ചെയ്തു. തുടർന്നാണ് ഏജന്റുമാർ പൂട്ടിയിട്ടു മർദിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെട്ട് ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ആദിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം സ്വദേശിയായ വിദ്യാർഥിക്കും മർദനമേറ്റെങ്കിലും ഇയാൾ പരാതിപ്പെട്ടിട്ടില്ലെന്നാണു വിവരം.