ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിക്കാനിരിക്കെ, കൊമ്പുകോർക്കാനുറച്ചു ഭരണ – പ്രതിപക്ഷ കക്ഷികൾ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശം, പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും മുഖ്യമന്ത്രിയിൽനിന്നു മറുപടി തേടാനുമാണു പ്രതിപക്ഷത്തിന്റെ തീരുമാനം. 

ഈ വിവാദ വിഷയങ്ങളിലൊന്നിൽ സഭ നിർത്തിവച്ചു ചർച്ച ചെയ്യാനുള്ള അടിയന്തര പ്രമേയത്തിനും നോട്ടിസ് നൽകും. ഇംഗ്ലിഷ് ദിനപത്രത്തിനു മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറവുമായി ബന്ധപ്പെട്ടുവന്ന പരാമർശം, കേരളത്തെയാകെ അപമാനിച്ചുവെന്ന രീതിയിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടും. പത്രം മാപ്പു പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന വാദമുയർത്തിയാവും ഭരണപക്ഷം പ്രതിരോധം തീർക്കുക. 

ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ രഹസ്യ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടി തൃശൂരിൽ ബിജെപിയുടെ വിജയത്തിൽ സിപിഎം ഒത്തുകളിച്ചെന്ന വാദവും പ്രതിപക്ഷം ഉന്നയിക്കും.

അമർഷം ഉള്ളിലൊതുക്കി സർക്കാരിനും മുഖ്യമന്ത്രിക്കും പ്രതിരോധക്കോട്ട തീർക്കേണ്ട സിപിഐയുടെ ഗതികേട് ഇടതുപക്ഷത്തെ കുത്താനുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിക്കും. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി.അൻവറിന്റെ സഭയിലേക്കുള്ള വരവും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നുണ്ട്. 

English Summary:

So many topics of discussion as assembly session begins today in full swing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com