‘പലതും മാറ്റിപ്പറയുന്ന വ്യക്തി’: പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടും അജിത് കുമാറിന് സംരക്ഷണം; ഡിജിപിക്ക് അതൃപ്തി
Mail This Article
തിരുവനന്തപുരം ∙ കടുത്ത നടപടി ഒഴിവാക്കിക്കൊണ്ട് എഡിജിപി എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ മേധാവി എന്ന പ്രധാന തസ്തികയിൽ നിലനിർത്തിയതിൽ ഡിജിപി എസ്.ദർവേഷ് സാഹിബിന് അതൃപ്തി. പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാതെ പലതും മാറ്റിപ്പറയുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് അന്വേഷണ റിപ്പോർട്ടിൽ ഡിജിപി കുറ്റപ്പെടുത്തിയിട്ടുണ്ട്.
അൻവറിന്റെ ആരോപണം ആദ്യം വന്നപ്പോൾ ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിയുടെ മൊഴിയെടുത്തിരുന്നു. തന്റെ പൊലീസ് മെഡൽ, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾക്കാണു കേന്ദ്രത്തിലെ പലരെയും കണ്ടതെന്ന് അന്ന് അനൗദ്യോഗികമായി ഡിജിപിയോടു പറഞ്ഞെന്നാണ് അറിവ്.
അതിനുശേഷം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായപ്പോൾ പൂരം കലക്കലിൽ ഉൾപ്പെടെ വിശദ അന്വേഷണം നടത്തി വീണ്ടും അജിത്തിന്റെ മൊഴിയെടുത്തു. അതു വിഡിയോയിൽ പകർത്തിയിരുന്നു. അപ്പോഴാണ് ഏതു പാർട്ടിയുടെ നേതാക്കൾ കേരളത്തിലെത്തിയാലും താൻ കാണാറുണ്ടെന്നും അതു വ്യക്തിപരമാണെന്നും പറഞ്ഞത്. ഡിജിപിയോടു മുൻപ് അനൗദ്യോഗികമായി പറഞ്ഞത് അപ്പോൾ പറഞ്ഞതുമില്ല.
പൂരം നടത്തിപ്പിൽ അജിത്തിന്റെ വീഴ്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഡിജിപി, ബറ്റാലിയനുകളിൽനിന്ന് 4500 പൊലീസുകാരെ വിന്യസിച്ചിരുന്നത് പൊലീസ് സ്കീം മാറ്റി 2700 ആയി കുറച്ചതും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
മാമി തിരോധാനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി താനറിയാതെ പുതിയ സംഘം രൂപീകരിച്ചതും ഡിജിപി അന്വേഷിച്ചു. ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച പൊലീസ് ഉദ്യോഗസ്ഥനു ചേർന്നതല്ലെന്നും അജിത്തിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ കുറിച്ചിരുന്നു.
സസ്പെൻഷനിൽ കഴിയുന്ന എസ്പി സുജിത് ദാസിനും അജിത്തിനും രണ്ടുതരം നീതിയെന്നു പൊലീസ് തലപ്പത്തു സംസാരമുണ്ട്. സുജിത്തിനെ സസ്പെൻഡ് ചെയ്തശേഷം കാരണംകാണിക്കൽ നോട്ടിസും പിന്നാലെ കുറ്റാരോപണ മെമ്മോയും നൽകി അന്വേഷണം നടത്തുകയാണ്. എന്നാൽ, 2 വർഷമായി വഹിക്കുന്ന ബറ്റാലിയൻ എഡിജിപി എന്ന അധിക ചുമതലയിലേക്ക് അജിത്തിനെ സ്ഥലംമാറ്റിയെന്ന വിചിത്ര ഉത്തരവാണു സർക്കാർ ഇറക്കിയത്.
ഡിജിപി 2 പ്രാവശ്യം അജിത്തിനെതിരെ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും അദ്ദേഹത്തെ പൊലീസിൽനിന്നു മാറ്റാത്തതും ചർച്ചയായിട്ടുണ്ട്. ഡിജിപിക്കു ദൈനംദിനം നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥനായി അജിത് തുടരും. ശബരിമല കോഓർഡിനേറ്റർ തസ്തികയിൽനിന്നും മാറ്റിയിട്ടില്ല.