ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയുടെ അന്തസ്സ് പാലിക്കുന്നതിനെക്കുറിച്ചു പ്രതിപക്ഷത്തെ ഓർമിപ്പിച്ച മുഖ്യമന്ത്രി 2015 മാർച്ച് 13നു കെ.എം. മാണിയുടെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ എൽഡിഎഫ് കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ ‘മറന്നു’. ബാർകോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽനിന്നു തടയാൻ ശ്രമിക്കുക മാത്രമല്ല, സ്പീക്കർക്കെതിരെയും സ്പീക്കറുടെ ഡയസിലും അന്ന് എൽഡിഎഫ് ബലപ്രയോഗം നടത്തി.

സ്പീക്കർ എൻ.ശക്തൻ സഭയിൽ പ്രവേശിക്കുന്നതു തടയാൻ ശ്രമിക്കുകയും അതു പരാജയപ്പെട്ടപ്പോൾ ഡയസിൽ കയറി കസേരയും കംപ്യൂട്ടറും വലിച്ചെറിയുകയും ചെയ്തു. പിറ്റേന്നു സഭ ചേർന്നപ്പോൾ അന്നു സഭ പിരിയുന്നതുവരെ മാത്രം എൽഡിഎഫ് എംഎൽഎമാരെ സഭാ നടപടികളിൽനിന്നു മാറ്റിനിർത്തുക മാത്രമാണുണ്ടായത്. അന്നത്തെ അതിക്രമങ്ങളിൽ ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എംഎൽഎ, ഇ.പി.ജയരാജൻ, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവർ വിചാരണ നേരിടുകയാണ്. 

സ്പീക്കറുടെ കസേര വരെ വലിച്ചെറിഞ്ഞുള്ള അക്രമത്തെ ഒരിക്കലും തള്ളിപ്പറയാത്ത സിപിഎം ‘രാഷ്ട്രീയ ശരി’യായാണ് അതിനെ ഇപ്പോഴും വ്യാഖ്യാനിക്കുന്നത്. 2015 ൽ കയ്യാങ്കളി നടക്കുമ്പോൾ പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. ‘ചെയ്തത് അബദ്ധമായിപ്പോയെന്നും വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴയാണെ’ന്നും ഈയിടെ കെ.ടി.ജലീൽ തുറന്നു പറഞ്ഞപ്പോൾ അതിനെ തള്ളുകയാണു സിപിഎം ചെയ്തത്. 

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2011 ഒക്ടോബറിൽ ടി.വി.രാജേഷിനെയും ജയിംസ് മാത്യുവിനെയും സർക്കാർ 2 ദിവസത്തേക്കു സസ്പെൻഡ് ചെയ്തത് അനുരഞ്ജനത്തിനുള്ള പല ശ്രമവും നടത്തിയ ശേഷമായിരുന്നു. കോഴിക്കോട്ടെ പൊലീസ് വെടിവയ്പിൽ ഡിജിപിയുടെ റിപ്പോർട്ട് മേശപ്പുറത്തുവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു ബഹളം നടക്കുമ്പോൾ ഇരുവരും മുദ്രാവാക്യം വിളിച്ചു സ്പീക്കറുടെ വേദിയിലേക്കു കയറി. ഈ സമയം വനിതാ വാച്ച് ആൻഡ് വാർഡിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കക്ഷിനേതാക്കളുമായി അന്നത്തെ സ്പീക്കർ ജി.കാർത്തികേയൻ നടത്തിയ ചർച്ചകൾക്കൊടുവിൽ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായി.

‘ജയിംസ് മാത്യുവും ടി.വി.രാജേഷും ചേംബറിൽ വന്നു ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടെന്നു കരുതുന്നു’ എന്നു സ്പീക്കർ സഭയെ അറിയിച്ചപ്പോൾ സ്പീക്കർ കള്ളം പറയുകയാണെന്ന് ആക്രോശിച്ച് ഇരുവരും ചാടിയെഴുന്നേറ്റു. ഖേദപ്രകടനത്തോടെ എല്ലാം തീർന്നതാണെന്നും വീണ്ടും ചാടിയെണീറ്റതു ചട്ടലംഘനമാണെന്നും സ്പീക്കർ ഓർമപ്പെടുത്തി. പിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചു. 

English Summary:

Chief Minister forget the drama created by LDF in KM Mani's 2015 budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com