ADVERTISEMENT

തിരുവനന്തപുരം ∙ ഒരുദ്യോഗസ്ഥന്റെ ഒപ്പുകാത്ത് 747 ഫയലുകൾ! ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ തീർപ്പു കൽപിക്കാനുള്ള ഫയലുകളാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ. കൗശികന്റെ തീരുമാനം കാത്തു കിടക്കുന്നത്. ഫയലുകൾക്കു ജീവൻവയ്പിക്കാൻ ഒടുവിൽ മന്ത്രിയുടെ മുന്നിൽ തന്നെ പരാതികളെത്തി.

മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ ഓഫിസുകളിലെത്തുന്ന അപേക്ഷകളും നിർദേശങ്ങളും ഫയലാക്കി മാറ്റി പരമാവധി താഴെത്തട്ടിൽ തന്നെയാണു പരിഹരിക്കുന്നത്. എന്നാൽ, ഡയറക്ടർ നേരിട്ടു തീരുമാനമെടുക്കേണ്ട സുപ്രധാന ഫയലുകൾ അദ്ദേഹത്തിനു കൈമാറും. ഇ–ഓഫിസ് സംവിധാനം വഴി ഇങ്ങനെ എത്തുന്ന ഫയലുകളിൽ ഡയറക്ടർ സമയബന്ധിതമായി തീരുമാനമെടുക്കുന്നില്ലെന്നാണു പരാതി. ഇ–ഓഫിസിലെ രേഖകളനുസരിച്ച്, ഡയറക്ടർക്കു മുന്നിൽ കെട്ടിക്കിടക്കുന്ന 747 ഫയലുകളിൽ 506 എണ്ണം 2 മാസത്തിലേറെയായി തീരുമാനം കാക്കുന്നവയാണ്.

പൊതുജനങ്ങളുടെ അപേക്ഷകൾ, കോടതി കേസുകൾ, ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയാണു ഫയലുകളിൽ ഭൂരിപക്ഷവും. വെറ്ററിനറി ഡോക്ടർ കൂടിയായ ഡയറക്ടർ‌ക്ക് നേരത്തേ വകുപ്പിന്റെ പൂർണചുമതല ഉണ്ടായിരുന്നെങ്കിലും ലാൻഡ് റവന്യു കമ്മിഷണറായി ചുമതല നൽകിയതോടെ ഡയറക്ടറുടെ ജോലി അധികച്ചുമതലയായി. പൂർണചുമതല ഉണ്ടായിരുന്നപ്പോഴും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. താഴെത്തട്ടിൽ‌ പല ഉദ്യോഗസ്ഥർ അഭിപ്രായം രേഖപ്പെടുത്തി എത്തുന്ന ഫയലുകളാണ് തീർപ്പാകാതെ കിടക്കുന്നത്.

ഒരേസമയം പല ചുമതല

പല ചുമതലകൾ ഒരേസമയം വഹിക്കുന്നതു കൊണ്ടാണ് സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കാൻ കഴിയാത്തതെന്നു ഡോ.എ.കൗശികൻ പ്രതികരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, ലാൻഡ് റവന്യു കമ്മിഷണർ, ദുരന്ത നിവാരണ കമ്മിഷണർ എന്നീ ചുമതലകൾ ഒരേസമയം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Dr. A. Kaushikan, Director of Animal Husbandry, Ignores Pending Files

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com