ഹേമ കമ്മിറ്റി റിപ്പോർട്ട്: ചർച്ച നിഷേധിച്ച് സ്പീക്കർ; ശക്തമായി പ്രതിഷേധിക്കാതെ പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം ∙ സമീപകാലത്ത് ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നിയമസഭയിൽ ചർച്ചയുമില്ല, ചർച്ച നിഷേധിച്ച സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവുമില്ല. ആർഎംപി നേതാവ് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.
മുൻപ് പലവട്ടം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അനുമതി നിഷേധിച്ച ചില അവസരങ്ങളിൽ നടുത്തളത്തിൽ ഇറങ്ങിവരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുമുണ്ട്. സ്പീക്കർ സ്വന്തം നിലയ്ക്ക് നോട്ടിസ് തള്ളിയതിനാൽ നിലപാടെടുക്കേണ്ട അവസ്ഥയിലെത്താതെ സർക്കാരും തടിതപ്പി.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ സബ്മിഷനായി കൊണ്ടുവന്നു കൂടെ എന്നു സ്പീക്കർ തന്നെയാണു നിർദേശിച്ചതെന്നും അതാണ് ഇപ്പോൾ അടിയന്തര പ്രമേയവുമായി എത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം ചർച്ച െചയ്യാത്തത് സഭയ്ക്കു തന്നെ അപമാനകരമാണ്. സർക്കാർ പ്രതിരോധത്തിലാകുമെന്നു ഭയന്നാണു ചർച്ച അനുവദിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
നാലര വർഷമാണ് റിപ്പോർട്ട് സർക്കാരിന്റെ കയ്യിൽ ഇരുന്നതെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും സഭയ്ക്കു പുറത്ത് സതീശൻ പറഞ്ഞു. റിപ്പോർട്ട് ഒളിച്ചുവച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചു മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്.
ആരും മൊഴി നൽകാൻ എത്തുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സർക്കാരിനു മുന്നിൽ എത്തി സ്ത്രീകൾ എങ്ങനെ മൊഴി നൽകും? സർക്കാരിനെ ആര് വിശ്വസിക്കും? വണ്ടിപ്പെരിയാർ, വാളയാർ കേസുകളിൽ പ്രതികളായ ഡിവൈഎഫ്ഐക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇഷ്ടക്കാരെ രക്ഷിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണിതെന്നും സതീശൻ പറഞ്ഞു.