സർക്കാർ ഭൂമി കയ്യേറി കാരവാൻ പാർക്ക്: സ്ഥലം റവന്യു വകുപ്പ് തിരിച്ചുപിടിച്ചു
Mail This Article
രാജകുമാരി ∙ ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിലെ ചതുരംഗപ്പാറ വില്ലേജിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മാൻകുത്തിമേട്ടിൽ 40 സെന്റ് സർക്കാർ ഭൂമി കയ്യേറി കാരവാൻ പാർക്ക് നിർമിക്കാനുള്ള ശ്രമം റവന്യു വകുപ്പ് തടഞ്ഞു. ഈ ഭൂമിയേറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. ചില വ്യക്തികളാണു നിർമാണത്തിനു പിന്നിൽ.
2022ൽ മാൻകുത്തിമേട്ടിൽ മൂന്നേക്കറിലധികം സ്ഥലത്താണു കാരവൻ പാർക്ക് ആരംഭിച്ചത്. 1964ലെ ഭൂപതിവ് നിയമപ്രകാരം പട്ടയം ലഭിച്ച ഈ ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്കു വിലക്കുള്ളപ്പോഴാണു പദ്ധതിയുമായി മുന്നോട്ടുപോയത്. 2023 ഓഗസ്റ്റിൽ റവന്യു വകുപ്പ് നിർമാണത്തിനു സ്റ്റോപ് മെമ്മോ നൽകി. എന്നാൽ, വീണ്ടും നിർമാണം തുടർന്നു. 2023 ഡിസംബറിൽ വീണ്ടും സ്റ്റോപ് മെമ്മോ നൽകി. ഇതിനിടെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പട്ടയഭൂമിയോടു ചേർന്നുള്ള 40 സെന്റ് സർക്കാർ ഭൂമിയിലാണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും 2 കണ്ടെയ്നർ വീടുകൾ സ്ഥാപിച്ചിട്ടുള്ളതും. കാരവൻ പാർക്കിലേക്കുള്ള പ്രവേശന കവാടവും സർക്കാർ ഭൂമിയിലാണ്. കഴിഞ്ഞ ജൂണിൽ 40 സെന്റ് സർക്കാർ ഭൂമി റവന്യു വകുപ്പ് അധികൃതർ ഏറ്റെടുത്തിരുന്നു. എന്നാൽ തുടർന്നും ഈ ഭൂമി കാരവാൻ പാർക്കിന്റെ ഉടമകൾ ഉപയോഗിച്ചിരുന്നു. ചതുരംഗപ്പാറ വില്ലേജ് ഓഫിസർ ടി.രാജേഷിന്റെ നേതൃത്വത്തിലാണു ഭൂമിയേറ്റെടുത്തത്.