മനോരമ വാർത്ത ആയുധമാക്കി മന്ത്രിയും പ്രതിപക്ഷവും
Mail This Article
തിരുവനന്തപുരം ∙ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനം കേരളമാണെന്നു സ്ഥാപിക്കാൻ മന്ത്രിയും പിഎസ്‌സി അടക്കമുള്ള സംവിധാനങ്ങൾ കുത്തഴിഞ്ഞെന്ന് ആരോപിക്കാൻ പ്രതിപക്ഷവും ഇന്നലെ നിയമസഭയിൽ ആയുധമാക്കിയത് മനോരമ വാർത്തകൾ. കേരള പിഎസ്‌സി രാജ്യത്ത് നമ്പർ വൺ എന്ന മനോരമ തൊഴിൽവീഥിയുടെ വാർത്ത ഉദ്ധരിച്ചായിരുന്നു അടിയന്തര പ്രമേയ നോട്ടിസിനെ മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ടത്. 5 വർഷത്തിനിടെ 1.44 ലക്ഷം നിയമന ശുപാർശ പിഎസ്‌സി നൽകി. സംവരണം പാലിക്കുന്നതിലും കേരളമാണു മുന്നിലെന്നു വാർത്തയിലുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
എങ്കിൽ, മനോരമ വാർത്ത കൊണ്ടു തന്നെ അതിനു മറുപടി പറയാമെന്നായി അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ്. ‘നന്നാകില്ലെന്നു പിഎസ്‌സി’ എന്നെഴുതിയത് മനോരമയാണ്. മെഡിക്കൽ സർവീസസ് കോർപറേഷനിലെ 170ൽ 151 നിയമനങ്ങളും ചട്ടം ലംഘിച്ചാണെന്ന് ഇന്നത്തെ മനോരമയിലുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള വാർത്തകളല്ല, മറിച്ച് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുവച്ചാണു മനോരമ വാർത്ത നൽകിയതെന്നു മന്ത്രി തിരിച്ചടിച്ചു.