നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള പാതയോരം: അപകടമരങ്ങൾ മുറിക്കുന്നതിന് തടസ്സമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെ വഴിയരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനു മറ്റു വകുപ്പുകളുടെ നിസ്സഹകരണമോ തടസ്സങ്ങളോ ഉണ്ടായാൽ ദേശീയ പാത അധികൃതർക്കു കോടതിയെ സമീപിക്കാൻ സാധ്യമാണെന്നു ഹൈക്കോടതി. ദേശീയ പാത അധികൃതർ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നു വനം സ്പെഷൽ ഗവൺമെന്റ് പ്ലീഡർ അറിയിച്ചു. അപകടകരമായാൽ പോലും മരങ്ങൾ നീക്കം ചെയ്യുന്നതിനു നടപടിക്രമം പാലിക്കണമെന്നു കോടതി പറഞ്ഞു.
നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗത്ത് വഴിയരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി മന്നാൻകണ്ടം സ്വദേശി സന്തോഷ് മാധവൻ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, വനം/ട്രീ കമ്മിറ്റി ഉദ്യോഗസ്ഥരെ നിയോഗിച്ച് മരങ്ങൾ മുറിച്ചു നീക്കുന്ന കാര്യം കലക്ടർ ഉറപ്പാക്കണമെന്ന് ഓഗസ്റ്റ് 21നു കോടതി ഉത്തരവിട്ടിരുന്നു. ഹർജിയിലെ ആവശ്യം പരിഹരിക്കുന്ന ഉത്തരവാണിതെന്നു വിലയിരുത്തിയ കോടതി, ഹർജി തീർപ്പാക്കി.
നേര്യമംഗലം വില്ലാഞ്ചിറയിൽ ജൂൺ 24നു കാറിനു മുകളിൽ മരം വീണ് തങ്കമണി സ്വദേശി ജോസഫ് തോമസ് മരിച്ച പശ്ചാത്തലത്തിലാണു ഹർജി നൽകിയത്. വനം വകുപ്പ് സഹകരിക്കാത്ത സാഹചര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നായിരുന്നു പരാതി. 2 മാസത്തിനിടെ റോഡ് പുറമ്പോക്കിൽ നിന്ന 27 മരങ്ങൾ വീണിട്ടുണ്ടെന്നും മഴ കനക്കുമ്പോൾ ഇടുക്കിയിൽ മണ്ണിടിച്ചിലും മരംവീഴ്ചയും പതിവാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.