യുവാവിനെ കംബോഡിയയിൽ എത്തിച്ച് തട്ടിപ്പ്: 3 പേർ പിടിയിൽ
Mail This Article
അടിമാലി ∙ ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിൽ എത്തിച്ച് ഓൺലൈൻ തട്ടിപ്പിനു നിർബന്ധിച്ച മൂന്നംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങൻചേരി എസ്എസ് കോട്ടേജ് വീട്ടിൽ എം.ഐ.സജീദ് (36), കൊല്ലം തഴുത്തല കൊട്ടിയം തെങ്ങുവിള മുഹമ്മദ് ഷാ (23), തഴുത്തല ഉമയനെല്ലൂർ മുണ്ടന്റഴിക അൻഷാദ് (37) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി കല്ലുവെട്ടിക്കുഴിയിൽ ഷാജഹാൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: ‘ഒരു വർഷം മുൻപു മൂന്നാർ സന്ദർശനത്തിനെത്തിയ സംഘം ചീയപ്പാറയിൽ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്ന ഷാജഹാനെ പരിചയപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ വിയറ്റ്നാമിൽ 80,000 രൂപ മാസശമ്പളത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്ത് 2 ലക്ഷം രൂപ വാങ്ങിയ ശേഷം വിസിറ്റ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു. അവിടെ നിന്ന് ചൈനയിലുള്ള സംഘത്തിനു കൈമാറി. ഇവർ യുവാവിനെ കംബോഡിയയിൽ എത്തിച്ച് ഓൺലൈൻ തട്ടിപ്പ് നടത്താൻ നിർബന്ധിച്ചു. തയാറാകാതെ വന്നതോടെ ശമ്പളവും ഭക്ഷണവും ലഭിക്കാതായി. കൂട്ടത്തിൽ മറ്റു മലയാളികളും ഉണ്ടായിരുന്നു.’
ഷാജഹാൻ വിവരം കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടർന്ന് എംബസി ഇടപെട്ട് മോചിപ്പിച്ചു നാട്ടിലെത്തിക്കുകയായിരുന്നു. പ്രതികളെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.