സിപിഐ കൗൺസിലിൽ വിമർശനം; വിവാദങ്ങളിൽ ഇടപെട്ട് തിരുത്താൻ നേതൃത്വത്തിനായില്ല
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് ഉയർന്ന സമീപകാല വിവാദങ്ങളിൽ സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത വിമർശനം. സർക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ വിവാദങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാനും തിരുത്തൽ വരുത്താനും പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു വിമർശനമുയർന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വാദം തള്ളി.
-
Also Read
ചേലക്കര: യു.ആർ.പ്രദീപ് ഇടത് സ്ഥാനാർഥി
മുഖ്യമന്ത്രിയെ വിജയാ... എന്നു വിളിച്ച് സംസാരിക്കാൻ മുൻ സെക്രട്ടറി വെളിയം ഭാർഗവന് കഴിഞ്ഞിരുന്നുവെന്നും എന്നാൽ തനിക്കതിനു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഉയർന്നു വന്ന വിഷയങ്ങളിലെല്ലാം പാർട്ടിയുടെ ഉറച്ച നിലപാട് മുഖ്യമന്ത്രിയോടും സിപിഎം സംസ്ഥാന സെക്രട്ടറിയോടും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രകാശ് ബാബുവിനും വി.എസ്.സുനിൽകുമാറിനുമെതിരെ അദ്ദേഹം വീണ്ടും നിലപാട് കടുപ്പിക്കുകയും ചെയ്തു. സെക്രട്ടറിയെന്ന നിലയിലാണ് പാർട്ടിയുടെ നിലപാടുകൾ താൻ പറയുന്നതെന്നും മറ്റാരും വക്താക്കളാകേണ്ടെന്നും വ്യക്തമാക്കി. താനല്ല, ആരു സെക്രട്ടറിയാണെങ്കിലും അതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയെന്നും വിശദീകരിച്ചു.
വിമതപ്രവർത്തനം നടത്തുന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് പാലക്കാട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ അത് അംഗീകരിച്ചില്ല. എന്നാൽ ഇസ്മായിൽ പാലക്കാട് ജില്ലാ കൗൺസിലിന്റെ ഭാഗമായി അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ നിർദേശിച്ചു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ചും നേതൃത്വത്തെ വിശ്വാസത്തിലെടുത്തും വേണമെന്നും രാജ വ്യക്തമാക്കി.