മയിൽ അഥവാ പാവം ശല്യജീവി!
Mail This Article
ശല്യക്കാരായ ജീവികളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ ശ്രമിച്ച ജീവിയെ കേട്ടപ്പോൾ അന്തം വിട്ടു: ‘നൃത്തം ചെയ്യുന്ന മയിൽ’! അതൊരു പാവപ്പെട്ട പക്ഷിയല്ലേ എന്ന എൽദോസ് കുന്നപ്പള്ളിയുടെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിച്ചു. അനൗദ്യോഗിക ബിൽ അവതരണ ദിനമായ ഇന്നലെ അതുകൊണ്ടു തന്നെ ചർച്ചകൾക്ക് ഈ ലാഘവത്വം കൈവന്നു. കൂടുതൽ പേർക്ക് ബില്ലുകൾ കൊണ്ടുവരാൻ കഴിയുന്ന സമയക്രമീകരണമാണ് സ്പീക്കർ മുൻകൈ എടുത്ത് ഉറപ്പാക്കിയത്. അതിനാൽ ബില്ലുകൾ ഏറെ; വൈവിധ്യമുള്ള വിഷയങ്ങളും.
ഡൽഹിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് എൽദോസ്. അലഞ്ഞുതിരിയുന്ന അക്രമകാരികളായ ജീവികളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന ബില്ലിൽ അതു തെളിഞ്ഞു കണ്ടു. സഭ ആ വികാരത്തോടു യോജിക്കുകയും ചെയ്തു. തെരുവു നായ്ക്കൾക്കെതിരെ ശക്തമായി സർക്കാർ ഇപ്പോൾ തന്നെ നീങ്ങുന്നുണ്ടെന്നും പുതിയ നിയമം നിർബന്ധമില്ലെന്നുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ നിർബന്ധിക്കുക തന്നെ ചെയ്യുമെന്ന് ബിൽ അവതാരകനും.
ഒന്നല്ല, 2 തെരുവു നായ്ക്കളെ വീട്ടിലെത്തിച്ചു വളർത്തി സ്വയം മാതൃക സൃഷ്ടിക്കുന്നതു പി.വി.ശ്രീനിജൻ വെളിപ്പെടുത്തി. ഒന്നിന്റെ പേര് ‘ബോൾട്ട്’ എന്നാണെന്നു പറഞ്ഞപ്പോൾ അടുത്തത് ‘നട്ട്’ ആണെന്ന് ആരെങ്കിലും ധരിച്ചാൽ തെറ്റി: ‘ലില്ലിക്കുട്ടി’. ബാക്കി 139 എംഎൽഎമാരും ഇതു പിന്തുടരണമെന്ന സന്ദേശം അദ്ദേഹം നൽകിയപ്പോൾ ഇ.ടി.ടൈസണിന്റെ ആശയം – നായ്ക്കളുടെ ഇറച്ചി ചില രാജ്യങ്ങളിൽ ഭക്ഷിക്കുന്നുണ്ടെന്നും ആ വഴിക്ക് ഇവിടെയും ആലോചിച്ചുകൂടേ എന്നും. ചെരിപ്പ് ദിവസവും പട്ടി കടിച്ചുകൊണ്ടുപോകുന്ന കാര്യം പരാതിപ്പെട്ട് ഉദ്യോഗസ്ഥൻ തലവേദന ഉണ്ടാക്കിയിരുന്നതു കെ.ഡി.പ്രസേനൻ ഓർമിച്ചു. ചെരിപ്പെടുത്തു വീട്ടിലിട്ടാൽ തീരുന്ന പ്രശ്നമല്ലേ അത് എന്നായി കുന്നപ്പള്ളി.
വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ ജീവൻ പണയംവച്ച് രക്ഷിച്ചവരോടുള്ള കടപ്പാട് വീട്ടാൻ ആ സന്നദ്ധ സേവകർക്കായി ബിൽ അവതരിപ്പിക്കുകയാണ് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് ചെയ്തത്. മൃതദേഹങ്ങളും അറ്റുപോയ ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുന്ന സന്നദ്ധപ്രവർത്തകർക്ക് കൗൺസലിങ് ആവശ്യമായി വരുമെന്ന് യു.പ്രതിഭ ഓർമിപ്പിച്ചു.
നിയമങ്ങളോ ഏകീകൃത സ്വഭാവമോ ഇല്ലാതെ കിന്റർ ഗാർട്ടനുകളും നഴ്സറി സ്കൂളുകളും പെരുകുന്നതു നിയന്ത്രിക്കാനുള്ള ബില്ലുമായാണ് പി.സി.വിഷ്ണുനാഥ് എത്തിയത്. കാർ ഷെഡ്ഡിൽ വരെ കിന്റർഗാർട്ടൻ പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ അവിടെ വളരുന്ന കുഞ്ഞിന്റെ ആകാശം എവിടെയെന്ന് വിഷ്ണുനാഥ് ചോദിച്ചു.
അഗ്നിശമന സേനയെ കാലോചിതമാക്കാനുള്ള നിർദേശങ്ങളാണ് എൻ.ജയരാജ് വച്ചത്. പൊതു കളിസ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പി.പി.ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് തടയാനുളള കർശന നിർദേശങ്ങളായിരുന്നു അനൂപ് ജേക്കബിന്റെ ബില്ലിൽ. വിനോദ സഞ്ചാര മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി വേണമെന്നായിരുന്നു സജീവ് ജോസഫിന്റെ ആവശ്യം.
∙ ഇന്നത്തെ വാചകം
‘എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ’ എന്നു നമ്മളെല്ലാം പണ്ടു പഠിച്ചത്, വാക്കുകൾ പോലും വ്യത്യാസമില്ലാതെ ഇപ്പോഴും കേൾക്കുമ്പോൾ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എന്ന ആശയലോകം അടഞ്ഞു പോയോയെന്ന് ആരും ശങ്കിച്ചുപോകും. - പ്രമോദ് നാരായൺ (കേരള കോൺഗ്രസ്–എം)