ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിൽ ദർശനസമയം അരമണിക്കൂർ കൂട്ടി. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 11 വരെയുമായിരിക്കും ഇത്തവണ ദർശനസമയം. നിലവിൽ പുലർച്ചെ മൂന്നരയ്ക്കാണ് നട തുറക്കുന്നത്.

ദർശനത്തിനു സ്പോട്ട് ബുക്കിങ് നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് സർക്കാരുമായി കൂടിയാലോചന നടത്തും. മാലയിട്ടെത്തുന്ന ഒരു ഭക്തനു പോലും ദർശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

സ്പോട്ട് ബുക്കിങ് നിർത്തലാക്കിയതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. നേരത്തേ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കുവീതം ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.

സ്പോട് ബുക്കിങ് നിർത്തലാക്കിയത് സുരക്ഷയുടെ പേരിലെന്ന് ബോർഡ്

തിരുവനന്തപുരം ∙ ശബരിമലയുടെയും ഭക്തരുടെയും സുരക്ഷയ്ക്ക് വ്യക്തികളുടെ ആധികാരിക വിവരങ്ങൾ ആവശ്യമാണെന്നും അതിനാലാണ് പൂർണമായി വെർച്വൽ ബുക്കിങ്ങിലേക്കു മാറാൻ തീരുമാനിച്ചതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

2022- 23 ൽ 3,95,634 പേരാണു സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത്. 2023- 24ൽ അത് 4,85,063 ആയി. കഴിഞ്ഞ സീസണിൽ തിരക്കുമൂലം ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായി.

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ‌ക്ക് 48 മണിക്കൂർ സമയക്രമം അനുവദിക്കുമെന്നും ഓൺലൈൻ ബുക്കിങ് വഴിയെത്തുന്നവരുടെ പൂർണ വിവരങ്ങൾ ലഭിക്കുമെന്നും തിരക്കു നിയന്ത്രിക്കാനാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

ഓൺലൈനിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ എൻക്രിപ്റ്റഡ് ഫോർമാറ്റിൽ സൂക്ഷിക്കുന്നതിനാൽ ഡേറ്റ സുരക്ഷ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Sabarimala temple open from 3 am

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com