തീർഥാടനം അലങ്കോലമാക്കാൻ സർക്കാർ ശ്രമം: കെപിസിസി
Mail This Article
കൊച്ചി ∙ ശബരിമലയിൽ മണ്ഡല, മകരവിളക്ക് ഉത്സവം അലങ്കോലമാക്കാനുള്ള ശ്രമങ്ങളാണു സർക്കാർ നടത്തുന്നതെന്നു കൊച്ചിയിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ആരോപിച്ചു.
ഭക്തരെ വിശ്വാസത്തിലെടുക്കാതെ തീർഥാടന കാലത്തു സർക്കാർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സ്പോട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ഇതിന്റെ ഭാഗമാണ്. ഇതു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ ഉൾപ്പെടെ ബാധിക്കും.
തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ ഗുരുതരമായ വീഴ്ചയും അനാവശ്യ പിടിവാശിയും കാട്ടുകയാണ്. അശാസ്ത്രീയ പരിഷ്കാരങ്ങളിലൂടെ സർക്കാർ തീർഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്.
സംസ്ഥാനത്ത് ആർഎസ് എസ് അജൻഡ നടപ്പാക്കാനാണു സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്നതിനായി സിപിഎം – ബിജെപി അന്തർധാര കൂടുതൽ സജീവമാക്കുകയാണ്. തൃശൂർ പൂരം കലക്കുന്നതിന് ഇതേ സഖ്യമാണ് പ്രവർത്തിച്ചതെന്നും കെപിസിസി കുറ്റപ്പെടുത്തി.