പുനരധിവാസം നീട്ടിക്കൊണ്ടുപോകാൻ പാടില്ലായിരുന്നു: സതീശൻ
Mail This Article
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടലിന് ഇരയായവരുടെ പുനരധിവാസം സർക്കാർ ഇത്രത്തോളം നീട്ടിക്കൊണ്ടു പോകാൻ പാടില്ലായിരുന്നെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 2 മാസത്തേക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ആ ഭയം കൊണ്ടും ഉത്കണ്ഠ കൊണ്ടുമാണു പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവന്നതെന്നും നിയമസഭയിൽ സതീശൻ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പ് ലഭിച്ചെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ വയനാട്ടിലുണ്ടായില്ല. ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണു സർക്കാർ? കേന്ദ്രസഹായം ഇത്രയും ദിവസമായിട്ടും കിട്ടിയിട്ടില്ലെന്നതു ഗുരുതരമായ വിഷയമാണ്. മറ്റു സംസ്ഥാനങ്ങൾക്കു പണം അനുവദിച്ചപ്പോൾ കേരളത്തിനു താൽക്കാലിക ധനസഹായം പോലും തന്നില്ല.
സഹായം നേടിയെടുക്കാനുള്ള സമ്മർദം സംസ്ഥാന സർക്കാർ ശക്തമാക്കണം. 10,000 രൂപയുടെ സഹായവും പരുക്കു പറ്റിയവർക്കുള്ള 75,000 രൂപയും കിട്ടാത്തവരുണ്ട്. ദുരന്തത്തിന് ഇരയായവർക്കു മുസ‌്‌ലിം ലീഗ് 15,000 രൂപ കൊടുത്തു. കച്ചവടം നഷ്ടപ്പെട്ടവർക്ക് 50,000 രൂപ നൽകി. അതിനു ലീഗിനെ അഭിനന്ദിക്കുന്നു – അദ്ദേഹം പറഞ്ഞു.