കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 10 പേർക്കു പരുക്ക്
Mail This Article
അടിമാലി ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ 6–ാം മൈലിനു സമീപം റോഡിന്റെ വശമിടിഞ്ഞു കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 10 പേർക്കു പരുക്ക്. മൂന്നാറിൽ നിന്ന് അടൂരിലേക്കു പോകുകയായിരുന്ന ബസാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ അപകടത്തിൽപെട്ടത്.
ജീവനക്കാരുൾപ്പെടെ 19 പേരാണു ബസിലുണ്ടായിരുന്നത്. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ വശമിടിഞ്ഞു ബസ് മറിയുകയായിരുന്നു.
20 അടിയോളം താഴേക്കു പതിച്ച ബസ് മരങ്ങളിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തമൊഴിവായി. 6 പേരെ കോതമംഗലത്തെ ആശുപത്രികളിലും രണ്ടു പേരെ കളമശേരി മെഡിക്കൽ കോളജിലും ഒരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.