ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയിൽ ദർശനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനാണു സ്പോട്  ബുക്കിങ് ഒഴിവാക്കിയതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദത്തിൽ അടിസ്ഥാനമില്ലെന്നു വിലയിരുത്തൽ. സ്പോട് ബുക്കിങ് വഴി ദർശനത്തിന് അപേക്ഷിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ തന്നെയാണ് വെർച്വൽ ബുക്കിങ്ങിനും നൽകേണ്ടത്. ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് രേഖകളിലൊന്നാണ് സ്പോട്ട്, വെർച്വൽ ക്യൂ ബുക്കിങ്ങിനായി നൽകേണ്ടത്.

വ്യക്തിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ 2 രീതിയിലും ലഭ്യമാകുമെന്നതിനാൽ ദേവസ്വം ബോർഡിന്റെ വാദം തെറ്റാണെന്നു ബോർഡിലെ സംഘടനകൾ ചൂണ്ടിക്കാട്ടി. ഇത്തവണ സ്പോട് ബുക്കിങ് അനുവദിച്ചില്ലെങ്കിൽ വരുന്ന തീർഥാടനകാലം അലങ്കോലപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെയായിരിക്കും സ്പോട് ബുക്കിങ് ഇല്ലാത്തതു ബാധിക്കുക. വലിയ സംഘങ്ങളായി എത്തുന്ന ഇവരിൽ എല്ലാവർക്കും വെർച്വൽ ക്യൂ ബുക്കിങ് ഉണ്ടാവില്ല. ഇത്തരം സന്ദർഭങ്ങളിൽ സ്പോട്  ബുക്കിങ് വഴിയാണ് സംഘത്തിലെ മറ്റ് അംഗങ്ങൾക്കു ദർശനം ലഭിച്ചിരുന്നത്.

വെർച്വൽ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നവരിൽ മുഴുവൻ ആളുകളും ശബരിമലയിൽ എത്തിച്ചേരാത്ത സാഹചര്യമുണ്ടാകും. ഈ ഒഴിവിൽ മറ്റുള്ളവർക്കു ദർശനത്തിന് അവസരം ഒരുക്കുന്നതിനും സ്പോട് ബുക്കിങ് വേണ്ടിവരും.

വെർച്വൽ ബുക്കിങ് ഇല്ലാതെ ദർശനമില്ലെന്ന നിലപാടു കടുപ്പിച്ചാൽ വരുന്ന സീസണിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഇടിവുണ്ടായേക്കും. നിലവിലെ വിവാദങ്ങൾ ആളിക്കത്തിയാൽ സാധാരണക്കാരായ ഭക്തരും സന്ദേഹത്തിലാകും. 

സ്പോട് ബുക്കിങ് പ്രതിസന്ധി സർക്കാരുമായി ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ദേവസ്വം ബോർഡ് തീയതി നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അടുത്ത ശബരിമല അവലോകന യോഗത്തിൽ പ്രശ്നം അവതരിപ്പിക്കാനാണ് നീക്കം.

ഡപ്യൂട്ടി സ്പീക്കർ മന്ത്രിക്ക് കത്തുനൽകി

പന്തളം ∙ ശബരിമല സ്പോട് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചർച്ചകളിൽ സർക്കാരിനു കനത്ത തിരിച്ചടിയായി ഡപ്യൂട്ടി സ്പീക്കറുടെ നിലപാട്. സ്പോട് ബുക്കിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദേവസ്വം മന്ത്രി വി.എൻ‍.വാസവനു കത്തയച്ചു. 

സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ നേരത്തേ സ്പോട് ബുക്കിങ്ങിന് അനുകൂല നിലപാടു സ്വീകരിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗമായ ഡപ്യൂട്ടി സ്പീക്കർ പരസ്യമായി നിലപാട് അറിയിച്ചതോടെ ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനു മുകളിൽ സമ്മർദമേറും.

മുഖ്യമന്ത്രിക്ക് വി.ഡി.സതീശന്റെ കത്ത് 

തിരുവനന്തപുരം∙ ശബരിമല തീർഥാടനത്തിനു സ്പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകി. ഓൺലൈൻ ബുക്കിങ്ങിലൂടെ 80,000 പേരെ മാത്രമേ ഒരു ദിവസം പ്രവേശിപ്പിക്കാനാവൂ.

കഴിഞ്ഞവർഷം 90,000 പേരെ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. കൂടാതെ സ്പോട് ബുക്കിങ് വഴി 15,000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും ഒട്ടേറെപ്പേർക്കു ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾക്കു വഴി തെളിക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പതിനായിരക്കണക്കിനു ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടി വരും. ഭക്തരെ തടഞ്ഞുനിർത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ ഭക്ഷണം, പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയില്ലെങ്കിൽ അപകടകരമായ അവസ്ഥയുണ്ടാകുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകി.

ശബരിമലയുടെ പേരിൽ വിവാദങ്ങൾ പാടില്ല. എല്ലാ ഭക്തർക്കും ദർശനത്തിന് അവസരമുണ്ടാകണം. പുനർവിചിന്തനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും നിലപാടു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. 

ശബരിമലയിൽ സ്പോട് ബുക്കിങ് വേണം. ശബരിമലയിലേക്കു വരുന്ന എല്ലാ ഭക്തർക്കും കൃത്യമായ ക്രമീകരണത്തോടെ ദർശനം അനുവദിക്കണം. നിലവിൽ 80,000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്നത്. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടിവരും. തിരക്കിലേക്കും സംഘർഷത്തിലേക്കും നയിക്കുന്ന സാഹചര്യം ഒഴിവാക്കണം. സ്പോട് ബുക്കിങ് സംബന്ധിച്ച് പാർട്ടിക്കു വ്യത്യസ്തമായ അഭിപ്രായമില്ല.

English Summary:

Sabarimala spot booking: Devaswom Board's arguement evaluated wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com