തട്ടിപ്പിന് തലവച്ചുകൊടുത്തില്ല....; ഡിജിറ്റൽ അറസ്റ്റ് പൊളിച്ച് റിട്ട. പ്രഫസർ, ഒടിപി തട്ടിപ്പ് പൊളിച്ച് ഗൃഹനാഥൻ
Mail This Article
ചങ്ങനാശേരി ∙ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പൊളിച്ച് പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് റിട്ട. പ്രഫസർ വാഴപ്പള്ളി അശ്വതി ഭവനിൽ പ്രഫ. എസ്.ആനന്ദക്കുട്ടൻ. ബന്ധു പൊലീസ് സൂപ്രണ്ടാണെന്നു പറഞ്ഞതോടെ തട്ടിപ്പുസംഘം പിൻവാങ്ങുകയായിരുന്നു.
തിങ്കളാഴ്ചയാണ് ആനന്ദക്കുട്ടന് ആദ്യ ഫോൺവിളിയെത്തുന്നത്. ആനന്ദക്കുട്ടൻ മുംബൈയിൽനിന്നു മലേഷ്യയിലേക്കു പാഴ്സൽ അയച്ചിട്ടുണ്ടെന്നും ഇതു കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയെന്നും പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും വിളിച്ചയാൾ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പാഴ്സൽ അയച്ചിട്ടില്ലെന്ന് ആനന്ദക്കുട്ടൻ അറിയിച്ചു. ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയതാകാമെന്നു തട്ടിപ്പുകാരൻ പറഞ്ഞു.
അപ്പോഴാണു പത്രങ്ങളിൽ വന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് ഓർമ വന്നത്. എന്തു വേണമെങ്കിലും ചെയ്തോളൂ, നിയമനടപടി നോക്കിക്കോളാം എന്നു പറഞ്ഞ് ആനന്ദക്കുട്ടൻ കോൾ കട്ട് ചെയ്തു.
5 മിനിറ്റിനു ശേഷം വീണ്ടും വിളിയെത്തി. ബന്ധു എസ്പിയാണെന്നു പറഞ്ഞതോടെ ഫോൺ കട്ടായി. കോട്ടയം ജില്ലാ പൊലീസ് മുൻ മേധാവി എൻ.രാമചന്ദ്രന്റെ ബന്ധുവാണ് ആനന്ദക്കുട്ടൻ.
തട്ടിപ്പ് ഇൻഷുറൻസ് കമ്പനിയുടെ പേരിൽ
കോട്ടയം ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചെങ്കിലും പിടി കൊടുക്കാതെ ആർപ്പൂക്കര സ്വദേശി കെ.ജയിംസ്. സ്വകാര്യ കമ്പനിയുടെ താനൂർ ബ്രാഞ്ചിൽ നിന്നെന്നു പറഞ്ഞ് ഒരു സ്ത്രീയാണു കഴിഞ്ഞ ദിവസം വിളിച്ചത്.
കോൾ എത്തും മുൻപ് ജയിംസിന്റെ ഫോണിലേക്ക് ഒരു മെസേജ് എത്തിയിരുന്നു. ഇതു മറ്റൊരാൾക്ക് അയച്ച മെസേജ് ആണെന്നും പോളിസി കാലാവധി കഴിഞ്ഞതിനാൽ തുക കൈപ്പറ്റാനുള്ള ഒടിപിയാണെന്നും വിളിച്ചയാൾ അറിയിച്ചു.
സെക്‌ഷനിൽ നിന്നു മറ്റൊരാൾ വിളിക്കുമെന്നും അപ്പോൾ ഈ ഒടിപി പറഞ്ഞു കൊടുക്കണമെന്നുമാണു വിളിച്ച സ്ത്രീ അറിയിച്ചത്. എന്നാൽ ജയിംസ് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ തുടർന്നു വന്ന കോളുകൾ ജയിംസ് എടുത്തില്ല.