ADVERTISEMENT

തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു നിയമസഭാ സമ്മേളനത്തിനിടെയാണ്. ഇന്നലെയും സഭ സമ്മേളിക്കുമ്പോഴാണു 2 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം കേരളം കേട്ടത്.

പുതുപ്പള്ളിയിലേതു പോലെ മണിക്കൂറുകൾക്കകം സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. സമ്പൂർണ വിജയമാണു കോൺഗ്രസ് പ്രതീക്ഷയെങ്കിലും ലോക്സഭയിലേതുപോലെ ‘കനലൊരു തരി’യാണെങ്കിൽ അതു ചേലക്കരയിൽനിന്നു തന്നെയാകുമെന്ന് എൽഡിഎഫ് ഉറപ്പിക്കുന്നു. പാലക്കാട്ട് 3 മുന്നണികൾക്കും ഒരുപോലെയാണു വിജയപ്രതീക്ഷ.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്വാർട്ടർ ഫൈനലായും മാറുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ മത്സരഫലമെന്ന ചോദ്യമുയർന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെന്നപോലെ സർക്കാരിന് ഒഴിയാനാകില്ല.

ലോക്സഭയിലുണ്ടായതു ‘ട്രെൻഡ്’ മാത്രമല്ലെന്നു തെളിയിക്കാൻ വലിയ വിജയം യുഡിഎഫിനും വേണം. നിയമസഭയിൽ പൂട്ടിയ അക്കൗണ്ട് തുറക്കാൻ ലഭിക്കുന്ന സുവർണാവസരമായി ബിജെപിയും ഉപതിരഞ്ഞെടുപ്പിനെ കാണുന്നു.

യുഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം തന്നെയാണു കൈമുതൽ. അസ്വാരസ്യം പുറത്തുവരാതെ സ്ഥാനാർഥി നിർണയം നടത്താനായി. സംഘടനാരംഗവും ഏറക്കുറെ ശാന്തം. പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നതു മറ്റു മണ്ഡലങ്ങളിലും ആവേശമുണ്ടാക്കും.

ഏറ്റവുമൊടുവിൽ, കണ്ണൂരിൽ എഡിഎം ആത്മഹത്യ ചെയ്തതുൾപ്പെടെ സിപിഎമ്മിനെതിരെയും സർക്കാരിനെതിരെയും ഒട്ടേറെ വിഷയങ്ങൾ. സിപിഎമ്മിനെതിരെ ബിജെപി ബന്ധമെന്ന ആരോപണവും പി.വി.അൻവറിന്റെ വെളിപ്പെടുത്തലും സജീവമായുണ്ട്.

കേരളത്തിലെ സിപിഎമ്മിന്റെ പിന്തുണയില്ലാതെ ‘ഇന്ത്യാസഖ്യം’ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ നടത്തിയ മുന്നേറ്റത്തിന്റെ അനുരണനങ്ങളും പ്രതീക്ഷിക്കുന്നു. ഈ സർക്കാരിന്റെ കാലത്തെ 2 ഉപതിരഞ്ഞെടുപ്പും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനായത് ആത്മവിശ്വാസം കൂട്ടുന്നു.

എൽഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അതിജീവിക്കാൻ പാടുപെടുന്നതിനിടെയാണ് ഒന്നിനുപിറകെ ഒന്നായി വിവാദങ്ങൾ. എങ്കിലും പരാജയത്തിനുശേഷം ജനക്ഷേമ പ്രവർത്തനങ്ങൾക്കു മുൻഗണന നിശ്ചയിച്ചതു സഹായിക്കുമെന്നു വിശ്വസിക്കുന്നു.

വർധിപ്പിച്ച കെട്ടിട നികുതി കുറച്ചതുൾപ്പെടെയുള്ള ആശ്വാസ നടപടികൾ ഉയർത്തിക്കാട്ടും. കുടിശികയും സാമ്പത്തിക ഞെരുക്കവും വർധിക്കുന്നതു കേന്ദ്രനയം മൂലമെന്ന ആഖ്യാനം താഴേത്തട്ടുവരെ എത്തിക്കാനായെന്ന് കരുതുന്നു.

ആരോപണങ്ങൾക്കപ്പുറം, വകുപ്പുകളിലെ അഴിമതി വലിയ പ്രചാരണ വിഷയമല്ലെന്ന് ആശ്വസിക്കുന്നു. പാലക്കാട്ടും ചേലക്കരയിലും സിപിഎമ്മിനുള്ള വേരോട്ടം അനുകൂലമാക്കാമെന്നു പ്രതീക്ഷ. 

എൻഡിഎ

കേന്ദ്രത്തിൽ മൂന്നാമതും മോദി സർക്കാർ വന്നതിന്റെ ഉണർവുണ്ട്. തൃശൂർ ലോക്സഭാ സീറ്റ് വിജയത്തിന്റെ തുടർച്ചയാണ് ആഗ്രഹം. അതിനുള്ള വളക്കൂറ് പാലക്കാട്ടാണു കാണുന്നത്.

തൃശൂരിലെ വിജയത്തോടെ പല വോട്ടർമാരുടെയും സംഘടനകളുടെയും ‘രാഷ്ട്രീയ അയിത്തം’ മാറിയെന്നു വിശ്വസിക്കുന്നു. പാലക്കാട് നഗരസഭാ ഭരണം ഉൾപ്പെടെ പ്രാദേശികമായി അനുകൂലഘടകങ്ങളുണ്ട്. എന്നാൽ, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെയും മറികടക്കേണ്ടിവരും. വയനാട്ടിലും ചേലക്കരയിലും വോട്ട് ഉയർത്തുകയെന്ന ബാധ്യതയുണ്ട്.

English Summary:

Kerala by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com