ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ ആരോപണത്തിലെ കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്ന സംരംഭകൻ ടി.വി.പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നു.

പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് ഒരു കോടിയിലേറെ മുതൽമുടക്ക് ആവശ്യമുള്ള പെട്രോൾ ബങ്ക് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണെന്നാണ് ചോദ്യം. പരിയാരത്തെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കഴിഞ്ഞദിവസവും പ്രതിഷേധം ഉയർന്നിരുന്നു.

വായ്പയ്ക്ക് അപേക്ഷിച്ചതിന്റെയോ മറ്റു വരുമാനസ്രോതസ്സുകളുടെയോ വിവരങ്ങൾ ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല. 40 സെന്റ് സ്ഥലം മാസം 40,000 രൂപയ്ക്ക് പാട്ടത്തിനെടുത്താണ് പമ്പ് തുടങ്ങാൻ തയാറെടുത്തത്. ഇതു നടത്തിപ്പുചെലവ് കൂട്ടും. 

അതിനിടെ കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയത് സംബന്ധിച്ചു പ്രശാന്തനോട് പരിയാരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടി. 

കൈക്കൂലി നൽകുന്നതു കുറ്റകരമാണെന്നിരിക്കെ സർക്കാർ ജീവനക്കാരൻ അതു ചെയ്തുവെന്നു സമ്മതിച്ചതിനാൽ നടപടി നേരിടേണ്ടി വരും. കൈക്കൂലി നൽകിയില്ലെന്നു വിശദീകരിച്ചാൽ എഡിഎമ്മിന്റെ മരണത്തിനുപിന്നാലെ സത്യവിരുദ്ധ പ്രചാരണം നടത്തിയെന്ന ആരോപണം ഉയരും. 

ഇതുസംബന്ധിച്ചും നിയമനടപടികൾ വരാം. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു ശുപാർശ ചെയ്യണമെന്നു പരിയാരം മെഡിക്കൽ കോളജ് എൻജിഒ അസോസിയേഷൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

English Summary:

Allegation on Prashanth's financial source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com