മാസങ്ങളോളം വൈകിച്ചെന്ന് ദിവ്യ; നവീൻ ഫയൽ തീർപ്പാക്കാനെടുത്തത് ഒരാഴ്ച മാത്രം
Mail This Article
കണ്ണൂർ∙ പെട്രോൾ പമ്പിന് നിരാക്ഷേപപത്രത്തിനായി (എൻഒസി) ടി.വി. പ്രശാന്തൻ അപേക്ഷ നൽകിയത് കഴിഞ്ഞ ഡിസംബർ രണ്ടിനാണ്. അന്ന് നവീൻ ബാബു ആയിരുന്നില്ല എഡിഎം. ഫെബ്രുവരിയിലാണ് അദ്ദേഹം കണ്ണൂരിൽ എത്തിയത്. ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തിൽനിന്ന് അപേക്ഷയിൽ അനുകൂല റിപ്പോർട്ട് ലഭിച്ചു.
22ന് ജില്ലാ ഫയർ ഓഫിസറും 28ന് റൂറൽ പൊലീസ് മേധാവിയും മാർച്ച് 30ന് തളിപ്പറമ്പ് തഹസിൽദാരും 31ന് ജില്ലാ സപ്ലൈ ഓഫിസറും റിപ്പോർട്ട് നൽകി. എന്നാൽ, ഇക്കൂട്ടത്തിൽ റൂറൽ പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് അനുകൂലമായിരുന്നില്ല. വളവുകളുള്ള ഭാഗമായതിനാൽ പമ്പിലേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്.
പൊലീസിന്റെ പ്രതികൂല റിപ്പോർട്ട് ചൂണ്ടിക്കാട്ടി നിരാക്ഷേപപത്രം നൽകാതിരിക്കാൻ എഡിഎമ്മിനു കഴിയുമായിരുന്നു. എന്നാൽ, എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഴ്ച മറയുന്ന തരത്തിലുള്ള കുറ്റിച്ചെടികൾ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പു നേരെയാക്കിയും അനുമതി കൊടുക്കാമെന്നു കാണിച്ച് ടൗൺ പ്ലാനർ റിപ്പോർട്ട് സമർപ്പിച്ചത് സെപ്റ്റംബർ 30ന്.
ഭൂമി പരിശോധിച്ച എഡിഎം, ടൗൺ പ്ലാനറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഒക്ടോബർ 9ന് നിരാക്ഷേപപത്രം നൽകി. സെപ്റ്റംബർ 30നും ഒക്ടോബർ 9നും ഇടയിൽ ഉണ്ടായിരുന്നത് 6 പ്രവൃത്തിദിനങ്ങൾ മാത്രം. അതേസമയം, പ്രശാന്തൻ മുഖ്യമന്ത്രിക്കു നൽകിയെന്ന് അവകാശപ്പെടുന്ന പരാതിയിൽ, നിരാക്ഷേപപത്രം 8നു ലഭിച്ചെന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ, 9നു വൈകിട്ട് 3.47ന് ആണ് എഡിഎം ഇതിൽ ഒപ്പിട്ടിരിക്കുന്നത്.
വിശദീകരണം നൽകാതെ പ്രശാന്തൻ
കൈക്കൂലി വിവാദത്തിൽ പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതർക്കു ടി.വി.പ്രശാന്തൻ വിശദീകരണം നൽകിയില്ല. മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പ്രശാന്തനോട്, സർക്കാർ സർവീസിലിരിക്കെ സംരംഭകനായതെങ്ങനെ എന്നതു സംബന്ധിച്ച് 2 ദിവസത്തിനകം വിശദീകരണം നൽകാനാണു പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീടു പ്രശാന്തൻ ജോലിക്കു ഹാജരായിട്ടില്ല.
പ്രശാന്തനെതിരെയുള്ള പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മെഡിക്കൽ കോളജിനോട് റിപ്പോർട്ട് തേടിയിരുന്നു. പ്രശാന്തന്റെ ശമ്പളവിവരം, നിയമനം, സർവീസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചോദിച്ചത്. പ്രശാന്തനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തേക്കും.