നവീൻ ബാബുവിന് എതിരായ ഗൂഢാലോചനയിൽ കണ്ണൂർ കലക്ടർക്കും പങ്കെന്ന് പത്തനംതിട്ട സിപിഎം
Mail This Article
പത്തനംതിട്ട ∙ കണ്ണൂർ കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. എഡിഎമ്മിനെതിരായ ഗൂഢാലോചനയിൽ കലക്ടർക്കും പങ്കുണ്ടെന്ന് പറയുന്നുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. യാത്രയയപ്പ് ചടങ്ങിൽ ഗൂഢാലോചനയുണ്ട്, അതിൽ നല്ല പങ്ക് കലക്ടർക്കുമുണ്ടെന്നാണറിവ്. രാവിലെ നടക്കേണ്ട യോഗം ഉച്ചയ്ക്ക് ആക്കിയതിലാണു സംശയം. ഇക്കാര്യങ്ങൾ പരിശോധിച്ച് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉദയഭാനു പറഞ്ഞു. ബാഹ്യ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും സർക്കാരും മുഖ്യമന്ത്രിയും ഉറപ്പുതന്നെന്നും സ്വതന്ത്ര അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിളിക്കാത്ത ചടങ്ങിലേക്ക് പി.പി.ദിവ്യ പോയതെന്തിനെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവർത്തിച്ച് ചോദിച്ചു. എവിടെയും വലിഞ്ഞു കയറി ചെല്ലാമോ, ഏതൊക്കെ വേദികളിൽ പോകാമെന്ന് ഞങ്ങൾക്കു കൃത്യമായ പാർട്ടി നിർദേശമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ആ യോഗത്തിൽ ചെന്ന് എഡിഎമ്മിനെ അപമാനിച്ചത്. ദിവ്യയ്ക്കെതിരെ മതിയായ നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. യാത്രയയപ്പ് വേണ്ടെന്നു നവീൻ പറഞ്ഞിട്ടും നടത്തിയെന്നും ഇതിന്റെ സമയം മാറ്റിയെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു.