ദിവ്യയ്ക്കു ഗുരുതര വീഴ്ച ഉണ്ടായെന്നാണ് നിഗമനം; ‘ഉദ്ദേശ്യം’ പരിശോധിക്കും
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.പി. ദിവ്യയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് നേതൃത്വത്തിൽ പലരുടെയും നിഗമനം. വ്യക്തിപരമായ ശുപാർശകളും ഇടപെടലുകളും പാടില്ലെന്ന സംഘടനാ വ്യവസ്ഥ ദിവ്യ ലംഘിച്ചെന്ന് അവരുടെ പ്രസംഗം തന്നെ വ്യക്തമാക്കുന്നു.
സ്വകാര്യ വ്യക്തിക്ക് പെട്രോൾ പമ്പിനു വേണ്ടിയാണ് എഡിഎമ്മിനു മേൽ സമ്മർദം ചെലുത്തിയത്. അങ്ങനെ ഒരു കാര്യത്തിൽ ഇടപെടണമെങ്കിൽ ബന്ധപ്പെട്ട പാർട്ടി ഘടകത്തെയാണ് അറിയിക്കേണ്ടിയിരുന്നത്. വ്യക്തികൾക്കോ സംഘടനകൾക്കോ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നാൽ പാർട്ടി ഘടകം അതേ ഗൗരവത്തോടെ സർക്കാരിനെയോ ഉത്തരവാദപ്പെട്ടവരെയോ അതു ബോധ്യപ്പെടുത്തണമെന്നു സംസ്ഥാന കമ്മിറ്റി നിഷ്കർഷിച്ചിട്ടുമുണ്ട്.
പെട്രോൾ പമ്പിനു നിരാക്ഷേപ പത്രം സംഘടിപ്പിക്കാനായി ദിവ്യ തന്നെ മുൻകയ്യെടുക്കുകയോ മറ്റാരുടെയെങ്കിലും സമ്മർദത്തിന്റെ ഭാഗമായി അവർ ഇടപെടുകയോ ചെയ്തെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. അത് പാർട്ടിയും പരിശോധിക്കും.
നിരാക്ഷേപ പത്രം ഒടുവിൽ നൽകിയതിനു പിന്നിൽ അഴിമതി ഉണ്ടെങ്കിൽ അതു പാർട്ടിയെയോ സർക്കാരിനെയോ വ്യവസ്ഥാപിതമായ രീതിയിൽ അറിയിക്കാനുള്ള സംവിധാനവും അധികാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യയ്ക്കുണ്ട്. പകരം പരസ്യമായി ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ജനപ്രതിനിധികൾ പരസ്യവിവാദങ്ങളിൽ ഏർപ്പെടരുതെന്ന സംഘടനാ വ്യവസ്ഥ പാലിച്ചില്ലെന്നും വിലയിരുത്തലുണ്ട്.