ADVERTISEMENT

കണ്ണൂർ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ പൊലീസിൽ സമ്മർദം ശക്തം. 

ജാമ്യമില്ലാ വകുപ്പിൽ കേസിൽപെട്ട് 4 ദിവസം പിന്നിട്ടിട്ടും ദിവ്യയുടെ അറസ്റ്റിനായി പൊലീസിന്റെ ഭാഗത്തുനിന്നു ശ്രമമില്ല. അവർ എവിടെയാണെന്നു പൊലീസ് അന്വേഷിക്കുന്നുപോലുമില്ല. വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്കു മുന്നിൽ ഹാജരാകുന്നതിന് ദിവ്യയ്ക്കു സാവകാശം അനുവദിക്കുകയും ചെയ്തു.

സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്നു പറയുമ്പോഴും പി.പി.ദിവ്യയെ രഹസ്യമായി സഹായിക്കുകയാണു പാർട്ടിയെന്ന ആരോപണം ശക്തമാണ്. എഡിഎമ്മിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുക പോലും ചെയ്യാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പൊലീസിനുള്ള സന്ദേശമാണെന്ന പ്രതിപക്ഷ ആരോപണം കൂടിയായതോടെ സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നു വെളിപ്പെടുകയാണ്. 

പൊലീസിനു ജാമ്യം നൽകാൻ വ്യവസ്ഥയില്ലാത്ത വകുപ്പു പ്രകാരമാണ് ദിവ്യയ്ക്കെതിരെ കേസ്. ഇത്തരം കേസുകളിൽ പ്രതിചേർക്കപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതാണ്. ദിവ്യ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തതു കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന പൊലീസിന്റെ വാദത്തിനു നിയമത്തിന്റെ പിൻബലമില്ല.

സാങ്കേതികമായി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പിൽ സെഷൻസ് കോടതിയുടെ മുന്നിലെത്തുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് ഇന്നു പരിഗണിച്ചേക്കുമെന്ന സൂചന മാത്രമേയുള്ളൂ. 

എഡിഎമ്മിന്റെ മരണത്തിന്റെ ഉത്തരവാദിയെ കണ്ടെത്താനാണോ, എഡിഎം അഴിമതിക്കാരനാണെന്നു വരുത്താനാണോ പൊലീസ് അന്വേഷണമെന്ന കാര്യത്തിലും സംശയമുണ്ട്. എഡിഎം കൈക്കൂലിക്കാരനാണെന്നു സ്ഥാപിക്കാൻ ജാമ്യാപേക്ഷയിൽ ഉദാഹരിച്ച കെ.ഗംഗാധരന്റെ പരാതി അഴിമതി സംബന്ധിച്ചല്ലെന്നു കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. 

ദിവ്യയ്ക്കെതിരെ പാർട്ടി നടപടിയില്ല; സിപിഐക്ക് അതൃപ്തി 

എ‍ഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയ്ക്കെതിരെ സംഘടനാനടപടിയെടുക്കാൻ സിപിഎം വിമുഖത കാട്ടുന്നതിൽ സിപിഐക്ക് അതൃപ്തി. സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെങ്കിലും ജനവികാരത്തിനൊപ്പം നിൽക്കുന്നതാണു നിലവിലെ സാഹചര്യത്തിൽ നല്ലതെന്നാണു സിപിഐയുടെ അഭിപ്രായം. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കുംവിധം വിവാദം വളർന്നതു ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ. നവീന്റെ മരണത്തിനു പിന്നാലെ, ദിവ്യയെ തള്ളിപ്പറഞ്ഞു റവന്യു മന്ത്രി കെ.രാജനും സിപിഐ നേതൃത്വവും രംഗത്തുവന്നിരുന്നു. നവീന്റെ കുടുംബത്തിനു തുണയേകാൻ സർക്കാർതലത്തിൽ സ്വീകരിക്കാവുന്ന നടപടികളെല്ലാം റവന്യുവകുപ്പിന്റെ ഭാഗത്തുനിന്നു സ്വീകരിച്ചെന്നു സിപിഐ ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നാലെ, ദിവ്യയെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം നീക്കിയെങ്കിലും സംഘടനാനടപടിയെടുക്കാത്തത് പാർട്ടി അവരെ സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെന്നാണു വിലയിരുത്തൽ. 

ദിവ്യയെ എതിർത്തും സംരക്ഷിച്ചും സിപിഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ നേതൃത്വങ്ങൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതും ഇടതുമുന്നണിയുടെ പ്രതിഛായ മോശമാക്കി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും ദിവ്യയെ ചോദ്യംചെയ്യാൻ പൊലീസ് തയാറാകാത്തത് സർക്കാരിനെതിരെ ജനവികാരമുയർത്തുമെന്ന ആശങ്കയും സിപിഐക്കുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ കലക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ.വിജയനെ ഒഴിവാക്കിയേക്കുമെന്ന സൂചനയും സിപിഐ നേതൃത്വം നൽകുന്നു. കലക്ടറേറ്റ് ജീവനക്കാരിൽ നിന്നടക്കം അരുണിനെതിരെ എതിർപ്പുയർന്നതോടെ അദ്ദേഹത്തെ മാറ്റുന്നതായിരിക്കും ഉചിതമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 

English Summary:

CPM protecting PP Divya in ADM suicide Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com